ന്യൂഡല്‍ഹി: കൊറോണ വൈറസ് കേസുകള്‍ ഡല്‍ഹിയിലോ ഇന്ത്യയിലോ റിപ്പോര്‍ട്ട് ചെയ്‌താല്‍ പ്രവേശിപ്പിക്കാനായി ഐസൊലേഷന്‍ വാര്‍ഡുകള്‍ തയാറാണെന്നു ഡല്‍ഹി എയിംസ് ഡയറക്‌ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. അയല്‍ രാജ്യമായ ചൈനയില്‍ നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതോടെയാണ് മുന്‍കരുതല്‍ നടപടി. കൊറോണ വൈറസ് കേസുകള്‍ ഉണ്ടായാല്‍ ചികിത്സിക്കാനും പരിചരിക്കാനും ഡോക്‌ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അനുബന്ധ സ്‌റ്റാഫുകള്‍ക്കും പരിശീലനം നല്‍കിക്കഴിഞ്ഞു.
നിലവില്‍ ഇത്തരം കേസുകള്‍ ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എല്ലാവരും ഉയര്‍ന്ന രീതിയില്‍ ശുചിത്വം പാലിക്കണം. തിരക്കുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക, അങ്ങനെ യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ മാസ്‌കുകള്‍ ധരിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ എടുക്കണം. ചുമ, പനി, തളര്‍ച്ച എന്നീ രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ ഉടന്‍തന്നെ ഡോക്‌ടറെ കാണണമെന്ന് ഡോ. രണ്‍ദീപ് നിര്‍ദേശിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള എല്ലാ മുന്‍കരുതലുകളും എയിംസിലുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ ചൈനയില്‍ നിന്നെത്തുന്ന യാത്രക്കാരെ തെര്‍മല്‍ സ്‌ക്രീനിംങ് പരിശോധനയ്‌ക്കു വിധേയമാക്കുന്നുണ്ട്. ന്യൂമോണിയയ്‌ക്കു കാരണമാകുന്ന വൈറസ് അതിവേഗം പടരുന്നതാണെന്നും വൈറസ് ബാധയെ തടയാന്‍ മുന്‍കരുതല്‍ അനിവാര്യമാണെന്നും ഡോ. രണ്‍ദീപ് വ്യക്‌തമാക്കി.
കോറോണ വൈറസ് ബാധ, 1000 കിടക്കകളുള്ള ആശുപത്രി 10 ദിവസം കൊണ്ട് നിർമിക്കാൻ ചൈന
കൊച്ചി, ചെന്നൈ, ബംഗളുരു, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളില്‍ ഈ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ രോഗത്തിനു ചികിത്സ ലഭ്യമല്ലെങ്കിലും രോഗം പടരുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments