ബെംഗളുരു: ഐഎസ്എല്‍ ആറാം സീസണില്‍ പ്ലേ ഓഫ് സാധ്യതകള്‍ ഉറപ്പിക്കാന്‍ ബെംഗളുരുവും ഒഡിഷയും ഇന്ന് നേര്‍ക്കുനേര്‍. പോയ്ന്റ് ടേബിളിലെ ഒന്നാമതെത്താന്‍ ബെംഗളുരുവും പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഒഡീഷയും ഇറങ്ങുമ്പോള്‍ വീറും വാശിയും ഏറുമെന്നുറപ്പാണ്. ബെംഗളുരുവിന്റെ മൈതാനത്ത് ബുധനാഴ്ച രാത്രി 7.30നാണ് മത്സരം.
ബെംഗളുരു അവസാന മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതില്‍ പരിശീലകന്‍ കാര്‍ലെസ് കുവാഡ്രെറ്റ് സന്തുഷ്ടനല്ല. പ്രതിരോധത്തിലെ പിഴവുകളാണ് ബെംഗളുരുവിന് വിനയായത് . 13 കളികളില്‍നിന്നും 6ജയവും 4 സമനിലയുമായി 22 പോയന്റോടെ മൂന്നാം സ്ഥാനത്താണ് ബെംഗളുരു. ഇനിയുള്ള മത്സരഫലങ്ങളും ടീമിന് ഏറെ നിര്‍ണായകമാണ്. സുനില്‍ ഛേത്രി നയിക്കുന്ന ടീം ഇക്കുറിയും കിരീടപ്രതീക്ഷയിലാണെങ്കിലും പിഴവുകള്‍ ആവര്‍ത്തിച്ചാല്‍ ടീമിന് അത് തിരിച്ചടിയാകും.
ആദ്യ ഘട്ടത്തില്‍ ചെറിയ പാളിച്ചകള്‍ സംഭവിച്ചെങ്കിലും വമ്പന്‍ മുന്നേറ്റം നടത്തിയാണ് ഒഡിഷ വരുന്നത്. അസാന നാല് കളികളില്‍ പരാജയമറിയാതെയാണ് ടീം എത്തുന്നത് എന്നുള്ളത് എതിര്‍ടീമിന് അസ്വസ്ഥത സൃഷ്ടിക്കും. 13 കളിയില്‍ നിന്നും 6 ജയവും 3 സമനിലയുമായി 21 പോയന്റോടെ ടീം നാലാം സ്ഥാനത്താണ്. പ്ലേ ഓഫ് ആണ് ആദ്യ ലക്ഷ്യമെന്നതിനാല്‍ ബെംഗളുരുവിനെതിരെ ജയിക്കാന്‍ ഉറപ്പിച്ചു തന്നെയാകും ടീം ഇറങ്ങുക. ഗോളടിവീരന്‍ അരിദാനെ സന്റാനയും സിസ്‌കോ ഹെര്‍ണാണ്ടസും ഒരിക്കല്‍ക്കൂടി തിളങ്ങിയാല്‍ നിലവിലെ ചാമ്പ്യന്മാരെ ഒഡീഷ അട്ടിമറിക്കും എന്നതില്‍ ഒരു സംശയവും വേണ്ട. എന്തായാലും നിലവിലെ ചാമ്പ്യന്മാരും അവസാന നാല് കളിയും ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ വരുന്ന ഒഡീഷയും തമ്മിലുള്ള മത്സരം തീപാറുമെന്നുറപ്പ്
Post Your Comments