ഭോപ്പാല്‍: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് നടത്തിയ റാലിയില്‍ പങ്കെടുത്തവരെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുക്കില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. രാജ്ഗഡില്‍ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് നടത്തിയ റാലിയില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകരെ തല്ലിയ രാജ്ഗഡ് ജില്ലാ കളക്ടര്‍ നിധി നിവേദിത, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് പ്രിയ വര്‍മ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷിയായ ബിജെപി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യില്ലെന്ന് സംസ്ഥാന നിയമമന്ത്രി പി സി ശര്‍മ വ്യക്തമാക്കി.
റാലിയില്‍ പങ്കെടുത്തവരുടെ ആക്രമണത്തില്‍നിന്ന് രണ്ട് ഉദ്യോഗസ്ഥരും സ്വയം പ്രതിരോധിക്കുകയായിരുന്നുവെന്ന് പിസി ശര്‍മ്മ പറഞ്ഞു. എന്നാല്‍ മുന്‍ ബിജെപി എംഎല്‍എ അടക്കമുള്ള പ്രവര്‍ത്തകരെയാണ് ഉദ്യോഗസ്ഥര്‍ തല്ലിയതെന്ന് ബിജെപി ആരോപിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചാല്‍ രാജ്ഗഡിലേക്ക് മാര്‍ച്ച് നടത്തുമെന്നും മുതിര്‍ന്ന ബിജെപി നേതാക്കളായ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, സംസ്ഥാന പ്രസിഡന്റ് രാകേഷ് സിംഗ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍ അറിയിച്ചു. സ്ത്രീകളെ അപമാനിക്കുന്നത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും സംസ്‌കാരമാണ്. സര്‍ക്കാര്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുക്കില്ലെന്നും പിസി ശര്‍മ പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് രണ്ട് ബിജെപി നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രദേശത്ത് റാലി നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സമീപിച്ചിരുന്നെങ്കിലും നിരോധനാഞ്ജ നിലനില്‍ക്കുന്നതിനാല്‍ അനുമതി നിരസിക്കുകയായിരുന്നുവെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. നിരോധനാജ്ഞ ലംഘിച്ച് പ്രദേശത്ത് റാലി സംഘടിപ്പിച്ച 650 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments