ന്യൂഡൽഹി: ഇന്ത്യയിലെത്തുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഹമ്മദാബാദിൽ ‘ഹൗഡി മോദി’ മാതൃകയിൽ പരിപാടി നടത്താൻ തയാറെടുക്കുന്നു. അടുത്ത മാസമാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. യുഎസ് സന്ദർശനത്തിനിടെ ഹൂസ്റ്റണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘ഹൗഡി മോദി’ വൻ വിജയമായതു കണക്കിലെടുത്താണിത്. ഫെബ്രുവരിയിൽ ട്രംപ് ഇന്ത്യ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും തീയതി പ്രഖ്യാപിച്ചിട്ടില്ല. 3 ദിവസത്തെ സന്ദർശനമാകുമെന്നാണു വിവരം.
ലോകത്തിലെ രണ്ട് വൻ ജനാധിപത്യരാജ്യങ്ങളെ ഒരേ ഹൃദയ താളത്തിൽ കൊരുത്ത് എടുത്താണ് ഹൂസ്റ്റണിൽ ഹൗഡി മോദി സംഗമം നടന്നത്.. ഇന്ത്യ-യു.എസ്. സൗഹൃദത്തിന്‍റെ പുതിയ ഉയരങ്ങള്‍ കുറിച്ച് യു.എസിൽ നടന്ന സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വേദി പങ്കിട്ടിരുന്നു.
അതിഥിയായി ഏതാനും മിനിറ്റുകൾമാത്രം ചടങ്ങിൽ പങ്കെടുക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ട്രംപ് 40 മിനിറ്റോളം വേദിയിലും സദസ്സിലുമായി ചെലവിട്ടു. പരിപാടിയിൽ പങ്കെടുക്കാനായിമാത്രമാണ് ട്രംപ് ഹൂസ്റ്റണിലെത്തിയത്. 50000 ഇന്ത്യൻവംശജരായ അമേരിക്കക്കാരാണ് തങ്ങളുടെ പ്രിയനേതാവിനെ കാണാനും പ്രസംഗം കേൾക്കാനും എൻ.ആർ.ജി. ഫുട്ബോൾ സ്റ്റേഡിയത്തിലെത്തിയത്. ഫ്രാൻസിസ് മാർപ്പാപ്പയ്ക്കുശേഷം ഒരുവിദേശരാഷ്ട്രനേതാവിനു ലഭിക്കുന്ന ഏറ്റവും വലിയ വരവേല്പാണ് ടെക്സസിലെ ഇന്ത്യൻഫോറം മോദിക്കായൊരുക്കിയത്.
‘ഒരേ സ്വപ്നം, തിളക്കമാർന്ന നാളെ’ എന്ന സന്ദേശവുമായി നടത്തിയപരിപാടിയിൽ ട്രംപ് നേരിട്ടെത്തിയത് ഇരു രാജ്യങ്ങളുംതമ്മിലുള്ള രാഷ്ട്രീയ, നയതന്ത്ര, വ്യാപാരബന്ധം ശക്തിപ്പെടുമെന്നതിന്റെ വ്യക്തമായ സന്ദേശംകൂടിയായി. രണ്ടാംവട്ടം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള മോദിയുടെ യു.എസിലെ ആദ്യ പൊതുപരിപാടിയായിരുന്നു ‘ഹൗഡി മോദി’.
Post Your Comments