പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്ത നടപടിയില്‍ ഗവര്‍ണര്‍ വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടത്. സുപ്രീംകോടതിയെ സമീപിക്കാനിടയായ സാഹചര്യം എന്തായിരുന്നു എന്ന് വ്യക്തമാക്കണം എന്നാവശ്യപ്പെട്ടാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചത് ഭരണഘടനാലംഘനമാണെന്നും വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശനിയാഴ്ച വരെ സര്‍ക്കാരിന് ഇതുസംബന്ധിച്ച കത്ത് ലഭിച്ചിരുന്നില്ല.എന്ത് അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും റൂള്‍സ ്ഓഫ് ബിസിനസ് അനുസരിച്ച് കേന്ദ്ര നിയമത്തിനെതിരെ കോടതിയെ സമീപിക്കുമ്പോള്‍ ഗവര്‍ണറെ അറിയിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഉണ്ടെന്നാണ് കത്തില്‍ പറയുന്നത്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വിഷയമാണെങ്കില്‍ അത് ഗവര്‍ണറെ അറിയിക്കണമെന്നാണ് ചട്ടമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സര്‍ക്കാര്‍ നടപടിയില്‍ വിശദീകരണം തേടുകയാണെങ്കില്‍ നിയമ വിദഗ്ദരുമായി ആലോചിച്ച ശേഷം മറുപടി നല്‍കാനാണ് തീരുമാനം എന്നും നിയമന്ത്രി എകെ ബാലന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ നടപടിയില്‍ ഗവര്‍ണര്‍ക്കുണ്ടായ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
എന്നാല്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്നും ഒരു നിയമലംഘനവും നടന്നിട്ടില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഗവര്‍ണറുമായോ കേന്ദ്ര സര്‍ക്കാരുമായോ ഏറ്റുമുട്ടലിന് ഇല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments