KeralaLatest News

കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് ചുമതലയേല്‍ക്കും

സംസ്ഥാനത്തിന്റെ ഇരുപത്തി മൂന്നാമത് ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 10.30നാണ് പുതിയ ഗവര്‍ണറുടെ സത്യ പ്രതിജ്ഞ. ഹൈകോടതി ചീഫ് ജസ്റ്റീസ് നിതിന്‍ മധുകര്‍ സത്യവാചകം ചൊല്ലികൊടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ചടങ്ങില്‍ പങ്കെടുക്കും. സത്യപ്രതിജ്ഞക്ക് മുന്‍പ് നിയുക്ത ഗവര്‍ണര്‍ക്ക് പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. പത്ത് മണിക്കാണ് സായുധസേനാ വിഭാഗത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍. സത്യപ്രതിജ്ഞക്ക് ശേഷം ചായസല്‍ക്കാരത്തോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും.

ഇന്നലെ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാ സ്പീക്കര്‍ എ എന്‍ ഷസീറും മന്ത്രിമാരും ചേര്‍ന്ന് രാജേന്ദ്ര വിശ്വനാഥ് അര്‍ലേകറെ സ്വീകരിച്ചു. സര്‍ക്കാരുമായി നിരന്തരം കൊമ്പുകോര്‍ത്തിരുന്ന ആരിഫ് മുഹമ്മദ് ഖാന് ശേഷം വരുന്ന ഗവര്‍ണര്‍ ഏതു സമീപനം സ്വീകരിക്കുമെന്നത് ശ്രദ്ധേയമാണ്.

രാവിലെ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയുമായി ഗോവ രാജ്ഭവനില്‍ രാജേന്ദ്ര അര്‍ലേകര്‍ കൂടിക്കാഴ്ച നടത്തി. ദീര്‍ഘകാലം ആര്‍എസ്എസ് ചുമതലകള്‍ വഹിച്ച ശേഷം 1989ലാണ് രാജേന്ദ്ര അര്‍ലേകര്‍ ബിജെപിയില്‍ അംഗത്വമെടുക്കുന്നത്. ഗോവയില്‍ സ്പീക്കര്‍, മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. രാജേന്ദ്ര അര്‍ലേകര്‍ സ്പീക്കറായിരുന്ന വേളയിലാണ് രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായി ഗോവ മാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button