ആലപ്പുഴ : കൂടത്തായി കൊലപാതക പരമ്പര ആസ്പദമാക്കിയുള്ള സീരിയലിനെതിരെ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. കേസിനെ ആസ്പദമാക്കിയുള്ള ചാനൽ പരിപാടി കൂടുതൽ പേരെ കൊല്ലാൻ പ്രേരിപ്പിക്കുന്നതാണെന്ന് ആലപ്പുഴയിൽ മംഗളം സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കവെ മന്ത്രി പ്രതികരിച്ചു. ഒരു ടെലിവിഷൻ ചാനലിൽ കൂടത്തായി കേസിനെ കുറിച്ചുള്ള സീരിയൽ ശ്രദ്ധയിൽപ്പെട്ടു. അത് കൊലപാതങ്ങൾക്കെതിരായ വികാരമല്ല ഉണ്ടാക്കുന്നത്. കോടതിയിൽ കേസ് നടക്കുമ്പോൾ ഇതൊന്നും ഇത്തരത്തിൽ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ജി.സുധാകരൻ പറഞ്ഞു.
കേരളത്തെ ഏറെ നടുക്കിയ കൊലപാതകങ്ങളാണ് കൂടത്തായിയിൽ നടന്നത്. ഒരു കുടുംബത്തിലെ നിരവധിയാളുകളെ കൊലപ്പെടുത്തിയതാണെന്ന സത്യം വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവന്നതും മുഖ്യപ്രതി ജോളി ഉൾപ്പെടെ നാല് പ്രതിക പിടിയിലായതും. സംഭവത്തെ ആസ്പദമാക്കി സിനിമകളും സീരിയലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കേസുകളും ചില വിവാദങ്ങളും ഉണ്ടെങ്കിലും കൂടത്തായി എന്ന പേരില്‍ മലയാളത്തില്‍ പരമ്പര ആരംഭിച്ചു. ഗിരീഷ് കോന്നിയാണ് കൂടത്തായി പരമ്പര സംവിധാനം ചെയ്തിരിക്കുന്നത്. സിനിമാ താരം മുക്തയാണ് പരമ്പരയില്‍ മുഖ്യകഥാപാത്രമായ ജോളിയെ അവതരിപ്പിക്കുന്നത്.
സിലി വധക്കേസിലാണ് 1200 പേജുകളുള്ള കുറ്റപത്രം പോലീസ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. സിലിയെ വധിക്കാനുള്ള ജോളിയുടെ ആദ്യശ്രമം പരാജയപ്പെട്ടെന്നും രണ്ടാം ശ്രമത്തിലാണ് സിലി കൊല്ലപ്പെട്ടതെന്നും കുറ്റപത്രത്തിൽ പറയുന്നു. 165 സാക്ഷികളാണ് ഉള്ളത്. ആദ്യ ശ്രമത്തിൽ വിഷം ഉള്ളിൽ ചെന്നത് മെഡിക്കൽ റിപ്പോർട്ടിൽ ഡോക്ടർ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ബന്ധുക്കളത് കാര്യമാക്കിയിരുന്നില്ല. റിപ്പോർട്ട് കണക്കിലെടുത്തിരുന്നെങ്കിൽ സിലി മരിക്കുമായിരുന്നില്ലെന്നും,സിലി വധക്കേസിൽ ഷാജുവിനെതിരെയും പിതാവ് സക്കറിയക്കെതിരെയും വ്യക്തമായ തെളിവുകളൊന്നുമില്ലെന്നും റൂറൽ എസ്പി കെ.ജി.സൈമൺ പറഞ്ഞു.
ഈ മാസം ആദ്യം കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു. റോയ് തോമസ് വധക്കേസിലാണ് 1800 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ആ കേസിലാകെ നാല് പ്രതികളും 246 സാക്ഷികളുമാണുള്ളത്. 322 ഡോക്യുമെന്‍റ്സും 22 മെറ്റീരിയല്‍ ഒബ്ജെക്ട്സും സമര്‍പ്പിച്ചിട്ടുണ്ട്. ജോളിയാണ് ഒന്നാം പ്രതി. റോയ് തോമസിന്‍റെ ബന്ധു എം എസ് മാത്യു രണ്ടാം പ്രതിയും താമരശേരിയിലെ സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാര്‍ മൂന്നാം പ്രതിയും സിപിഎം മുന്‍ പ്രാദേശിക നേതാവ് മനോജ് നാലാം പ്രതിയുമാണ്. കൊലപാതകം,ഗൂഢാലോചന,വ്യാജ രേഖ ചമയ്ക്കൽ,തെളിവ് നശിപ്പിക്കുക,വിഷം കൈയ്യിൽ വെയ്ക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കേസിൽ മാപ്പ് സാക്ഷികളില്ല.ജോളിയുടെ രണ്ടു മക്കളുടേതടക്കം ആറ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.
Post Your Comments