മലപ്പുറം :ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി പയ്യനാട് സ്വദേശി സെയ്തലവി (56) യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പതിനൊന്നര മണിയോടെ അത്താണിക്കലിലെ കമുകിൻ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സംഭവ സ്ഥലത്തു നിന്നു കൊലപാതകത്തിനുപയോഗിച്ച കത്തി കണ്ടെടുത്തു.ഫോറൻസിക് സയൻറിഫിക് ഓഫീസറും സംഘവും, മലപ്പുറത്തു നിന്നു വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Also read : അനധികൃത സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ പിടികൂടി
സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയിലുള്ള യുവാവിനെ കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
2016ൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിലെ പ്രതിയാണ് സെയ്തലവി. അടുത്തമാസം നാലിന് മഞ്ചേരി പോക്സോ സ്പെഷൽ കോടതിയിൽ ഹാജരാകാനിരിക്കെയാണു സെയ്തലവി കൊല്ലപ്പെട്ടത്.
Post Your Comments