ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ മുസ്‌ലിംലീഗ് സുപ്രീം കോടതിയില്‍ അപേക്ഷ നൽകി. യു.പി സര്‍ക്കാര്‍ ഇതിനകം എടുത്ത നടപടികളും എന്‍.പി.ആര്‍ നടപടിയും സ്റ്റേ ചെയ്യണമെന്നുമാണ് മുസ്‌ലിം ലീഗിന്‍റെ ആവശ്യം. നിയമം താത്ക്കാലികമായി സ്റ്റേ ചെയ്യണമെന്ന് മുസ്‍ലിം ലീഗ് നേരത്തെ തന്നെ പൌരത്വ ബില്ലിനെതിരായ റിട്ട് ഹരജി നല്‍കിയ സമയത്തു തന്നെ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം നിയമം പ്രാബല്ല്യത്തില്‍ വന്ന സാഹചര്യത്തിലാണ് പുതിയ അപേക്ഷയുമായി ലീഗ് സുപ്രീം കോടതിയെ സമീപിക്കുന്നത്. അതോടൊപ്പം എന്‍.പി.ആറും എന്‍.ആര്‍.സിയും തമ്മിലുള്ള ബന്ധം കേന്ദ്രം വ്യക്തമാക്കണമെന്നും അവ തമ്മില്‍ ബന്ധമുണ്ടെങ്കിൽ എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ലീഗ് അപേക്ഷയില്‍ പറയുന്നു. എന്നാല്‍ മുമ്പ് ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ പോലും കൊണ്ടുവന്നിട്ടില്ല അതുകൊണ്ടുതന്നെ ഇപ്പോള്‍ നിലവിലില്ലാത്ത ഒരു നിയമം സ്റ്റേ ചെയ്യുന്നതില്‍ പ്രസക്തിയില്ല എന്നായിരുന്നു അന്ന് സുപ്രീംകോടതി പറഞ്ഞത്.
ALSO READ: പൗരത്വഭേദഗതി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചതില്‍ ഗവര്‍ണറുടെ നിലപാട് ഇങ്ങനെ
ഇതോടൊപ്പം തന്നെ മറ്റൊരപേക്ഷയും ലീഗ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ രണ്ടാവശ്യങ്ങളാണുള്ളത്. ദേശീയ ജനസംഖ്യ റജിസ്റ്റര്‍ നടപടികള്‍ നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദേശിക്കണം എന്നതാണ് പ്രധാന ആവശ്യം. നാളെ കേന്ദ്രസർക്കാർ ജനസംഖ്യ റജിസ്റ്ററുമായി ബന്ധപ്പെട്ട ഡല്‍ഹിയില്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യോഗം ചേരാനിരിക്കെയാണ് ലീഗ് സുപ്രീം കോടതിയെ സമീപിച്ചത്.
Post Your Comments