Latest NewsIndiaNews

നിർഭയ കൂട്ടബലാത്സംഗക്കേസ്: മരണവാറണ്ട് സ്റ്റേ ചെയ്യുമോ? പ്രതി മുകേഷ് സിംഗ് നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: നിർഭയ കൂട്ടബലാത്സംഗക്കേസിൽ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ദില്ലി പട്യാല ഹൗസ് കോടതിയാണ് ഹർജി പരിഗണിക്കുക.

ഇന്നലെ ദില്ലി ഹൈക്കോടതി മരണവാറണ്ട് റദ്ദാക്കണമെന്ന മുകേഷ് സിംഗിന്‍റെ ആവശ്യം തള്ളിയിരുന്നു. മരണവാറണ്ട് പ്രകാരം വധശിക്ഷ ഈമാസം 22ന് നടപ്പാക്കാനാകില്ലെന്ന് ഇന്നലെ ദില്ലിസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തിഹാർ ജയിലിന്‍റെ അഭിഭാഷകനും ഇതേ നിലപാടാണ് ഹൈക്കോടതിയിൽ സ്വീകരിച്ചത്.

പുതിയ മരണവാറണ്ടിനായി അപേക്ഷ നൽകുമെന്നും ദില്ലി സര്‍ക്കാര്‍ അറിയിച്ചിരുന്നു. മുകേഷ് സിംഗിന്‍റെ അപേക്ഷ പരിഗണിക്കവെ ദില്ലി സര്‍ക്കാര്‍ ഇക്കാര്യം പട്യാല ഹൗസ് കോടതിയെ അറിയിക്കാൻ സാധ്യതയുണ്ട്. ദയാഹര്‍ജി തള്ളുകയാണെങ്കിൽ ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് 14 ദിവസത്തെ സമയം കുറ്റവാളികൾക്ക് നൽകണം എന്ന സുപ്രീംകോടതി വിധികളുണ്ട്.

ജനുവരി 22ന് രാവിലെ 7 മണിക്ക് നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കാനാണ് ദില്ലി പട്യാല ഹൗസ് കോടതിയുടെ ജനുവരി ഏഴാം തീയതിയിലെ വാറണ്ട്. പ്രതി മുകേഷ് കുമാർ സമർപ്പിച്ചിരിക്കുന്ന ദയാഹർജിയിൽ തീരുമാനമായ ശേഷം പുതിയ വാറണ്ട് പുറപ്പെടുവിക്കേണ്ടി വരുമെന്ന് ദില്ലി സർക്കാരും പൊലീസും, തിഹാർ ജയിലിന്‍റെ അഭിഭാഷകനും വാദത്തിനിടെ ദില്ലി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ALSO READ: ജനുവരി 22 തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം : കോടതിയുടെ തീരുമാനത്തെ കുറിച്ച് പ്രതികരണവുമായി ആശാദേവി

എന്നാൽ ആവശ്യത്തിലധികം സമയം മുകേഷ് കുമാറിന് ഉണ്ടായിരുന്നുവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കേസിൽ വിധി വന്ന് രണ്ട് വർഷം കാത്തിരുന്ന ശേഷമാണ് പ്രതി ദയാഹർജി സമർപ്പിച്ചതെന്നും ഇത്തരം ഒരു കേസിൽ വിധി നടപ്പാക്കുന്നത് നീണ്ടു പോയാൽ അത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും കോടതി ഇന്നലെ പറഞ്ഞിരുന്നു.

വിനയ് ശർമ്മയ്ക്കും, മുകേഷിനും പുറമേ പവൻ ഗുപ്ത, അക്ഷയ് സിംഗ് എന്നീ പ്രതികളെയും ജനുവരി 22ന് തൂക്കിലേറ്റാനാണ് നിലവിലെ മരണ വാറണ്ട്. മുകേഷ് സിംഗിന്‍റെയും കൂട്ടുപ്രതി വിനയ് ശർമ്മയുടെയും തിരുത്തൽ ഹ‍ർജികൾ ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച്14ന് തള്ളിയിരുന്നു. ഇതിന് പിന്നാലെ മുകേഷ് സിം​ഗ് ഇന്നലെ തന്നെ രാഷ്ട്രപതിക്ക് മുമ്പാകെ ദയാഹ‌‌ർജിക്ക് അപേക്ഷ സമ‌ർപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button