KeralaLatest NewsNewsIndia

ആഡംബരബസുകള്‍ക്ക് ഇനി പെര്‍മിറ്റില്ലാതെ ഓടാം; കേന്ദ്ര മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനം

തിരുവനന്തപുരം: ആഡംബരബസുകള്‍ക്ക് ഇനി പെര്‍മിറ്റില്ലാതെ ഓടാം ഇതിനായി കേന്ദ്ര മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനം.ഇതിനുള്ള കരട് പ്രസിദ്ധീകരിച്ചു. 22 സീറ്റില്‍ കൂടുതലുള്ള ലക്ഷ്വറി എ.സി. ബസുകള്‍ക്ക് സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയില്ലാതെ റൂട്ട് ബസായി ഓടാനാകും. കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള പൊതുമേഖലാ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്ക് ഭീഷണിയാകുന്ന നീക്കത്തെ സംസ്ഥാനസര്‍ക്കാര്‍ എതിര്‍ക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. 15-നു ചേരുന്ന മന്ത്രിസഭായോഗത്തിനുശേഷം ഇക്കാര്യം ചര്‍ച്ചചെയ്യാനായി പ്രത്യേകയോഗം ചേരും.

റൂട്ട് നിശ്ചയിച്ച് നിരക്ക് പ്രഖ്യാപിച്ച് ഓരോ പോയന്റില്‍നിന്നും യാത്രക്കാരെ കയറ്റിക്കൊണ്ടു പോകാനുള്ളതാണ് സ്റ്റേജ് കാര്യേജ് പെര്‍മിറ്റ്. ഇതില്‍ റൂട്ട്,സമയം, പെര്‍മിറ്റ്, ടിക്കറ്റ് നിരക്ക് എന്നിവയെല്ലാം സംസ്ഥാനസര്‍ക്കാര്‍ നിശ്ചയിക്കും. എന്നാല്‍, പുതിയ ഭേദഗതി വന്നാല്‍ കോണ്‍ട്രാക്റ്റ് ക്യാരേജ് ബസുകള്‍ക്ക് അവര്‍ നിശ്ചയിക്കുന്ന സമയത്തും പാതകളിലും ഓടാനാകും.അന്തസ്സംസ്ഥാന പാതകളിലെ സ്വകാര്യ ആഡംബര ബസുകള്‍ക്ക് അംഗീകൃതടിക്കറ്റ് നിരക്കില്ല. തിരക്കിനനുസരിച്ച് കൂട്ടിയും കുറച്ചുമാണ് അവര്‍ ടിക്കറ്റ് തുക വാങ്ങുന്നത്. പെര്‍മിറ്റില്ലാതെ ഓടുന്നതിന്റെ പേരില്‍ കേസെടുത്താണ് ഇവയെ നിലവില്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്നത്. പെര്‍മിറ്റ് ആവശ്യമില്ലെന്നുവന്നാല്‍ ഇവയുടെമേല്‍ സര്‍ക്കാരിനുള്ള നിയന്ത്രണം നഷ്ടമാകും.

കെഎസ്ആര്‍ടിസി ബസുകള്‍ക്കും തരിച്ചടിയാകും ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കെ.എസ്.ആര്‍.ടി.സി.യുടെ ദിവസ വരുമാനത്തിന്റെ സിംഹഭാഗവും നല്‍കുന്നത് 1200 ദീര്‍ഘദൂര ബസുകളാണ്. ഇവയുടെ വരുമാനം കുറഞ്ഞാല്‍ വന്‍ തിരിച്ചടിയാകും. ബസ്‌ബോഡി കോഡിലെ മാനദണ്ഡം നിര്‍ബന്ധമാക്കിയിരിക്കുന്നതിനാല്‍ മിനി ബസുകള്‍ക്കും ട്രാവലറുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ല.

ലക്ഷ്വറി ബസുകള്‍ക്ക് നികുതിനിരക്ക് കൂടുതലായതിനാല്‍ സംസ്ഥാനസര്‍ക്കാരിന് നികുതിയിനത്തില്‍ നേട്ടമുണ്ടാകും.എന്നാല്‍ നിയമം പ്രാബല്യത്തിലായാല്‍ ദീര്‍ഘദൂര റൂട്ടുകള്‍ പൂര്‍ണമായും സ്വകാര്യമേഖലയ്ക്കു കുത്തയാകും.ബസ് മേഖല കുത്തകകള്‍ക്കു കൈമാറാനുള്ള നീക്കം കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതിയില്‍ ഉണ്ടായിരുന്നു. ഇതേക്കുറിച്ച് സംസ്ഥാനം പലതവണ ആശങ്കയറിയിച്ചതാണ്. കെ.എസ്.ആര്‍.ടി.സിക്കു മാത്രമല്ല രാജ്യത്തെ എല്ലാ പൊതുമേഖലാ റോഡ് ട്രാന്‍സ്‌പോര്‍ട്ടിങ് കോര്‍പ്പറേഷനുകള്‍ക്കും ഈ ഭേദഗതി ഭീഷണിയാണ്. ഇത് കേന്ദ്രത്തെ അറിയിക്കുമെന്നും ഗതാഗതി മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button