മക്കള്‍ വിശന്നു കരഞ്ഞപ്പോള്‍ ഭക്ഷണം വാങ്ങാന്‍ മുടി മുറിച്ച് നല്‍കി ഒരമ്മ. മക്കളുടെ വിശപ്പ് മാറ്റാന്‍ 150 രൂപയ്ക്കാണ് ഈ അമ്മ മുടി മുറിച്ചു നല്‍കിയത്. തമിഴ്‌നാട് സേലം ജില്ലയിലാണ് സംഭവം. പ്രേമ എന്ന യുവതിയാണ് മക്കള്‍ വിശന്നു കരഞ്ഞപ്പോള്‍ ഭക്ഷണം വാങ്ങാന്‍ മുടി മുറിച്ച് വിറ്റത്. 5, 3, 2ഉം വയസ്സുള്ള മൂന്നു മക്കളാണ് പ്രേമയ്ക്കുള്ളത്. കുട്ടികള്‍ വിശന്ന് കരഞ്ഞപ്പോള്‍ പലരോടും സഹായം തേടി. എന്നാല്‍ ഭക്ഷണം വാങ്ങാനുള്ള പണം ആരും നല്‍കിയില്ല. അപ്പോഴാണ് പൊന്നാംപെട്ട് തെരുവിലൂടെ വിഗ് ഉണ്ടാക്കാന്‍ മുടി ആവശ്യപ്പെട്ട് കൊണ്ട് ഒരാള്‍ നടക്കുന്നത് പ്രേമ കണ്ടത്. ഇതോടെ 150 രൂപയ്ക്ക് മുടി മുറിച്ചു നല്‍കാന്‍ പ്രേമ തീരുമാനിച്ചു.
100 രൂപയ്ക്ക് ഭക്ഷണം വാങ്ങി മക്കള്‍ക്ക് നല്‍കിയ ശേഷം ബാക്കിവന്ന 50 രൂപയ്ക്ക് കീടനാശിനി വാങ്ങാനായിരുന്നു പ്രേമയുടെ തീരുമാനം. എന്നാല്‍ കീടനാശിനി വില്‍ക്കുന്ന കടയുടമ ഇവരെ മടക്കി അയച്ചു. ജി ബാല എന്ന വ്യക്തിയാണ് പ്രേമയുടെ ദുരവസ്ഥ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. പ്രേമയുടെ ജീവിതം ചര്‍ച്ചയായതോടെ നിരവധിപേര്‍ അവര്‍ക്ക് സഹായവുമായെത്തിയിട്ടുണ്ട്. പ്രേമയുടെ ഭര്‍ത്താവ് ഏഴു മാസം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. കടബാധ്യത കാരണമാണ് ഭര്‍ത്താവ് സെല്‍വന്‍ ആത്മഹത്യ ചെയ്തത്.
Post Your Comments