കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഹര്‍ജിയിലെ ദിലീപിന്റെ പ്രധാന ആവശ്യം. കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ദിലീപ് നേരത്ത പരിശോധിച്ചിരുന്നു. അതിനെ തുടര്‍ന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയത്.
ഹര്‍ജിയിലെ വിശദാംശങ്ങള്‍ പുറത്തു പോകരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവിലുള്ള കുറ്റങ്ങള്‍ തനിക്കെതിരെ നിലനില്‍ക്കില്ലെന്നാണ് ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. വിചാരണയുടെ പ്രാരംഭ നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. വിടുതല്‍ ഹര്‍ജി കോടതി തള്ളിയാല്‍ ദിലീപിന് തുടര്‍ വിചാരണ നടപടി നേരിടേണ്ടി വരും. കേസിന്റെ രഹസ്യസ്വഭാവം പരിഗണിച്ച് അടച്ചിട്ട മുറിയിലാണ് വിചാരണ നടക്കുന്നത്.
തെളിവായി ലഭിച്ചിട്ടുള്ള ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്ന സംശയം ദിലീപ് ഉന്നയിച്ചിരുന്നു. അതിനാല്‍ ദൃശൃങ്ങളുടെ സ്വീകാര്യത സംശയാസ്‌പദമാണെന്ന് ദിലീപ് ഹർജിയിൽ ആരോപിക്കുന്നു. പ്രഥമദൃഷ്‌ട്യാ കേസ് നിലനില്‍ക്കില്ലെന്നും ദിലീപ് ആരോപിക്കുന്നു. 10 പ്രതികളില്‍ ആറുപേരും അവരുടെ അഭിഭാഷകരുമാണ് ദൃശ്യങ്ങള്‍ പരിശോധിച്ചത്.
ALSO READ: പ്രഥമ ബാലഭാസ്കർ പുരസ്‌കാരം കെ ജെ ദിലീപിന്
കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള വാദം നടക്കുന്നതിനിടെയായിരുന്നു ദിലീപ് വിടുതൽ ഹർജിയുമായി കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ഹർജി തള്ളിയാൽ ദിലീപിന് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാൻ അവസരമുണ്ട്. കേസിൽ ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശിച്ചിരിക്കുകയാണ്.
Post Your Comments