ന്യൂഡല്‍ഹി: പാസ്പോര്‍ട്ടില്ലാതെ രാജ്യം വിട്ട ബലാത്സംഗക്കേസ് പ്രതിയായ വിവാദ ആള്‍ദൈവം നിത്യാനന്ദയെ പിടികൂടാന്‍ കേന്ദ്രം ഇടപെടുന്നു ,റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാന്‍ നിര്‍ദേശം. കര്‍ണാടക സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. നിത്യാനന്ദക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വാറന്റ് ലഭിക്കാന്‍ കോടതിയെ സമീപിക്കാനും രാജ്യത്തെത്തിക്കാനുള്ള നടപടി സ്വീകരിക്കാനുമാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്.
നിത്യാനന്ദ ഇക്വഡോറില്‍ നിന്നു വാങ്ങിയ ദീപില്‍ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായുള്ള വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്നു അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയിരിക്കുന്നത്.
ബലാത്സംഗക്കേസില്‍ പോലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പായ പശ്ചാത്തലത്തിലായിരുന്നു നിത്യാനന്ദ പാസ്പോര്‍ട്ട് പോലുമില്ലാതെ രാജ്യവിട്ടത്. നിത്യാനന്ദയുടെ പാസ്പോര്‍ട്ടിന്റെ കാലാവധി 2018 സെപ്റ്റംബറില്‍ തന്നെ അവസാനിച്ചിരുന്നു. എന്നിട്ടും അദ്ദേഹം എങ്ങനെയാണ് രാജ്യംവിട്ടതെന്നോ എവിടേക്കാണു പോയതെന്നോ വ്യക്തമല്ല. അദ്ദേഹം രാജ്യവിട്ടകാര്യം ഗുജറാത്ത് പോലീസ് നേരത്തെ സ്ഥിതീകരിച്ചിരുന്നു.
Post Your Comments