തിരുവനന്തപുരം: നടിയെ ബലാത്സംഗം ചെയ്ത കേസില്‍, ഒളിവില്‍ കഴിയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ദുബായില്‍ നിന്ന് ജോര്‍ജിയയിലേയ്ക്ക് കടന്നതായി സൂചന. മെയ് 24ന് കേരളത്തില്‍ എത്താമെന്ന് വിജയ് ബാബു അറിയിച്ചിരുന്നു. താനൊരു ബിസിനസ് ടൂറിലാണെന്നും 24ന് എത്തിക്കോളാമെന്നുമായിരുന്നു റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസറെ നടന്‍ അറിയിച്ചത്. എന്നാല്‍, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തിലാണ് വിജയ് ബാബു ജോര്‍ജിയയിലേയ്ക്ക് കടന്ന വിവരം അറിയുന്നത്.
നിലവില്‍, കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ ജോര്‍ജിയയുമായി ധാരണയാകാത്ത സാഹചര്യത്തില്‍ നടനെ വിട്ടുകിട്ടാന്‍ പ്രതിസന്ധികളേറുമെന്നാണ് സൂചന. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കാന്‍ കോടതി വൈകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടന്‍ കേരളത്തില്‍ എത്താത്തതെന്നും വിവരമുണ്ട്. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീരുമാനമാകും വരെ ഇന്ത്യയില്‍ നിന്നും മാറി നില്‍ക്കാനാണ് നടന്റെ നീക്കമെന്നാണ് പോലീസിന്റെ അനുമാനം.
നിലവില്‍, യുഎഇ പോലീസുമായി ബന്ധപ്പെടുകയാണ് അന്വേഷണ സംഘം. രാജ്യം വിട്ടുപോകുന്ന കുറ്റവാളികള്‍ക്കെതിരെ പുറപ്പെടുവിക്കുന്ന റെഡ് കോര്‍ണര്‍ നോട്ടീസ് വിജയ് ബാബുവിനെതിരെ പുറത്തിറക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Post Your Comments