മലപ്പുറം: വഴിക്കടവ് മണിമൂളിയില്‍നിന്നു കാണാതായ 57 വയസുകാരനെ 47 ദിവസത്തിനുശേഷം പോലീസ് കണ്ടെത്തി. വഴിക്കടവ് മണിമൂളിയിലെ കുറ്റിപ്പുറത്തു വീട്ടില്‍ അബ്ദുള്ളയെയാണു കണ്ടെത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് ഇയാളെ കാണാതായത്. ദിവസങ്ങള്‍ക്ക് ശേഷം ഭാര്യ മൈമൂന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്ളയെ കണ്ടെത്തിയത്.
Read Also: ‘വിഡ്ഢിത്തം പുലമ്പുന്ന പമ്പര വിഡ്ഢി’: ഗവർണറെ അധിക്ഷേപിച്ച് എം.എം മണി
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്റെ നിര്‍ദേശമനുസരിച്ച് വഴിക്കടവ് പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. കാണാതായയാള്‍ മഹാരാഷ്ട്രയിലെ സാംഗ്ലിയിലും പിന്നീട് ഗോവ, മംഗലാപുരം, കാസര്‍ഗോഡ്, കാഞ്ഞങ്ങാട് എറണാകുളം, പെരുമ്പാവൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലും എത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. ഇതിനിടെ പരാതിക്കാരിക്ക് മുന്‍ ഭര്‍ത്താവിലുള്ള മകന്റെ പേരില്‍ അബ്ദുള്ളയെ അപായപ്പെടുത്തിയെന്നു കാട്ടി സന്ദേശം ലഭിച്ചു. ഇതോടെ മകനും സഹോദരങ്ങളും സംശയനിഴലിലായി.
സന്ദേശമനുസരിച്ച് അജ്ഞാത മൃതദേഹങ്ങള്‍ കണ്ടയിടങ്ങളില്‍ പോയി അന്വേഷിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തുവെങ്കിലും ഇത് അന്വേഷണം വഴിതിരിച്ചു വിടാനായി കാണാതായയാള്‍ തന്നെ ചെയ്യുന്നതാണെന്ന് പോലീസ് സംഘത്തിനു മനസിലായി.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കാണാതായയാള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കറങ്ങിനടക്കുകയും കൈയിലെ പണം തീര്‍ന്നപ്പോള്‍ സ്വാമിയായി അവതരിക്കുകയും ചെയ്തതായി മനസിലായി.
ഇടുക്കി മുരിക്കശേരി വിശ്വാഗുരുകുലത്തില്‍ ശശിധരാനന്ദ സ്വാമികള്‍ എന്ന വ്യാജപ്പേരില്‍ കഴിയവേയാണ് ഇയാളെ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതും ഒരേ സ്ഥലത്ത് സ്ഥിരമായി താമസിക്കാത്തതും അന്വേഷണസംഘത്തിന് വന്‍ വെല്ലുവിളി സൃഷ്ടിച്ചിരുന്നു.
Post Your Comments