Latest NewsNews

     പ്രളയം @2019

2019 വിട പറയുമ്പോള്‍ പ്രളയം കേരളത്തിന് സമ്മാനിച്ചത് മറ്റൊരു ദുരന്തത്തിന്റെ കൂടി അവശേഷിപ്പുകളാണ്. മരണം കവര്‍ന്നെടുത്തവരും ഉറ്റവര്‍ നഷ്ടപ്പെട്ടവരും കിടപ്പാടം നഷ്ടപ്പെട്ടവരുമെല്ലാം കേരളത്തിന്റെ കണ്ണീര്‍ മുഖങ്ങളാണ്. 2018 സമ്മാനിച്ച ദുരന്തത്തിന്റെ അവശേഷിപ്പുകള്‍ മായുന്നതിന് മുന്നെയാണ് വീണ്ടുമൊരു ദുരന്തം കൂടി കേരളത്തെ പിടിച്ചുലച്ചത്. സുഖമുള്ള മഴയോര്‍മകള്‍ക്ക് പകരം കലി പൂണ്ട മഴയുടെ മറ്റൊരു മുഖം കൂടി നമ്മള്‍ കണ്ടു.

ഒരായുസ്സിന്റെ സമ്പാദ്യം കൊണ്ട് നിര്‍മ്മിച്ചതൊക്കെയും ഒറ്റനിമിഷം കൊണ്ട് കണ്‍മുന്നില്‍ തകര്‍ന്നടിഞ്ഞു. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ഒന്ന് വീശിയടിച്ചപ്പോള്‍ പെറുക്കി കൂട്ടിവച്ച കേരളം പിന്നെയും തകര്‍ന്നടിഞ്ഞു. ഭയപ്പെടുത്തുന്ന ഓര്‍മകള്‍ അനധവിയുണ്ടെങ്കിലും മലയാളിയുടെ ഐക്യത്തിന്റെ പെരുമ ഒരിക്കല്‍ കൂടി നാടെങ്ങും ഘോഷിക്കപ്പെട്ടു. മഴയത്ത് പുതപ്പിനുള്ളില്‍ ചടഞ്ഞിരുന്ന മലയാളിയെ അല്ല പ്രളയത്തില്‍ കണ്ടത്. പുതപ്പ് കെടുക്കുന്നത് ഉള്‍പ്പെടെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ഓടി നടക്കുകയായിരുന്നു.

വയനാടും കുട്ടനാടും കവളപ്പാറയും പുത്തുമലയുമെല്ലാം അതിതീവ്രമായ ദുരന്തത്തിനാണ് സാക്ഷിയായത്. കഴിഞ്ഞ ദുരന്തത്തിന്റെ തീവ്രത അറിയാവുന്നതുകൊണ്ട് മഴ അങ്ങനെ വെറുതെ വന്ന് പോകുമെന്ന് കരുതിയില്ല. വേണ്ടത്ര മുന്‍കരുതലില്‍ തന്നെയായിരുന്നു കേരളം. പക്ഷേ എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി മഴക്കെടുതി ഒന്ന് മാറ്റിപ്പിടിച്ചു. അപ്രതീക്ഷിതമായി മലയോര മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ നിരവധി ജീവനുകള്‍ കവര്‍ന്നു. നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ അവയുടെ ഷട്ടറുകള്‍ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചു. നദികളിലെയും മറ്റ് ജലാശയങ്ങളിലെയും ജലനിരപ്പ് ഉയരുന്നതിനൊപ്പം തുടര്‍ച്ചയായ മഴയും കേരളത്തിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമായി.

കാലവര്‍ഷം 2018നേക്കാള്‍ ഒന്നുകൂടി ആര്‍ത്തുലച്ച് പെയ്തു. റോഡുകളും വീടുകളും നിലംപൊത്തി. ഒരിക്കല്‍ കൂടി ഓണസദ്യ കണ്ണീര്‍കുതിര്‍ത്ത് വാരിക്കഴിക്കേണ്ടി വന്നു.
കിട്ടിയതൊക്കെ വാരിക്കൂട്ടിയും ഉടുതുണി മാത്രവുമായി ക്യാമ്പുകളില്‍ എത്തിയവരെന്നും മായാത്ത ചിത്രങ്ങളായി മലായാളികളുടെ മനസിലുണ്ടാകും. ഒരു മനുഷ്യായുസില്‍ മറക്കാന്‍ കഴിയാത്തക്ക ഓര്‍മകളാണ് പ്രളയം സമ്മാനിച്ചത്. കുറെ നിലവിളികളും മുഴക്കങ്ങളും കണ്‍മുന്നില്‍ ജീവന്‍ പൊലിഞ്ഞതിന്റെ ഭീകര ചിത്രങ്ങളും ഒക്കെ പേടിപ്പെടുത്തുന്നു 2019 ലെ പ്രളയം.

450 ല്‍ അധികം ആളുകളുടെ മരണത്തിന് ഇടയാക്കിയ ദുരന്തം കനത്ത നഷ്ടങ്ങളാണ് കേരളത്തിന് വിതച്ചത്. ഒന്ന് കണ്ണടച്ച് തുറന്നപ്പോഴേക്കും കൂടെക്കിടന്നവരെ പ്രളയം കവര്‍ന്നോണ്ട് പോയി. 22165 ലധികം പേരെ നേരിട്ട് ദുരന്തം ബാധിച്ചു. 1326 ദുരിതാശ്വാസ ക്യാമ്പുകളിലായി 2.51 ലക്ഷം പേര്‍ എത്തി. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ചെറുതും വലുതുമായ 65 ഉരുള്‍പൊട്ടലുകള്‍ ആണുണ്ടായത്. ഏറ്റവുമധികം ഉരുള്‍പൊട്ടലുകളുണ്ടായത് (18 എണ്ണം) പാലക്കാട് ജില്ലയിലാണ്. രണ്ടാമത് (11 എണ്ണം) മലപ്പുറമാണ്. പേമാരി ബാധിച്ച എല്ലാ കുടുംബങ്ങള്‍ക്കും 10,000 രൂപ വീതം അടിയന്തര ധനസഹായം ഏര്‍പ്പെടുത്തിയിരുന്നു. വീടുകള്‍ പൂര്‍ണമായും തകര്‍ന്നതോ വാസയോഗ്യമല്ലാത്തതോ ആയവര്‍ക്ക് 4 ലക്ഷം രൂപയും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

മത്സ്യത്തൊഴിലാളികളെയും ശത്രുക്കളയെും എല്ലാം ദൈവത്തിന് സമാനമായികണ്ടു. വഴിയറിയാത്ത ദിക്കുകള്‍ തേടി അവര്‍ കുടുങ്ങി കിടക്കുന്നവരെ തേടിപ്പിടിച്ചു. ഹിന്ദുവെന്നോ മുസ്ലീമെന്നോ ക്രിസ്ത്യാനിയെന്നോ ഒന്നും ആരും അവിടെ നോക്കിയില്ല. മനുഷ്യനെയും മൃഗങ്ങളെയും എല്ലാം സമാനമായി കണ്ട് ജീവന്‍ തിരികെ നല്‍കി. പ്രളയം തിരിച്ചറിവുകളുടെ കൂടിയായിരുന്നു. പാവപ്പെട്ടവനും പണക്കാരനുമെല്ലാം ഒരേകുടക്കീഴില്‍ ഒരുമിച്ചുണ്ടും ഉറങ്ങിയും കഴിഞ്ഞു. ദുരഭിമാനത്തേക്കാള്‍ വലുത് ജീവനും വിശപ്പുമാണെന്ന് തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടായി. കൂടാതെ ഒന്നും അടക്കി പിടിച്ചിട്ടും ഒരു കാര്യവുമില്ലാന്ന വലിയ പാഠം കൂടി പ്രളയം പഠിപ്പിച്ചു. പ്രളയം ദുരന്തങ്ങളാണ് സമ്മാനിച്ചതെങ്കിലും ഇത്തരം വലിയ ചെറിയ പാഠങ്ങള്‍ എന്നും നമ്മള്‍ ഓര്‍ത്തിരിക്കും.

സോഷ്യല്‍ മീഡിയ കണ്‍ട്രോള്‍ റൂമുകളായി. കുടുങ്ങി കിടക്കുന്നവരെ കണ്ടത്താനും ഭക്ഷണമുള്‍പ്പെടെയുള്ള സാധനങ്ങള്‍ എത്തിക്കാനും ഇതിലൂടെ കഴിഞ്ഞു.
കടലിന്റെ മക്കളും പോലീസും സൈന്യവും നാട്ടുകാരും വീട്ടുകാരുമെല്ലാം ചേര്‍ന്ന് തകര്‍ന്ന കേരളത്തെ വീണ്ടെടുത്തു. താടിയും മുടിയും വളര്‍ത്തിയ ഫ്രീക്കന്മാര്‍ ഒന്നിനും കൊള്ളാത്തവര്‍ എന്ന് ആക്ഷേപിച്ച ആ യൂത്തന്മാര്‍ തന്നെയാണ് കേരളത്തെ വീണ്ടെടുക്കാന്‍ മുന്നില്‍ നിന്നത്. ഒറ്റക്കെട്ടായി ഭരണപ്രതിപക്ഷങ്ങള്‍ ദുരന്തമുഖത്തേക്കെത്തി. ദുരന്തത്തിലും കൈവിടാത്ത ഐക്യമായവര്‍ മാതൃകയായി.

അടുത്ത വര്‍ഷം ഇനിയൊരു ദുരന്തത്തിന് കൂടി സാക്ഷിയാകാതിരിക്കാന്‍ ഇപ്പോഴെ ഇറങ്ങിത്തിരിക്കണം. ഇല്ലെങ്കില്‍ അപ്രതീക്ഷിതമായി കടന്നു വരുന്ന മിന്നല്‍ പ്രളയങ്ങള്‍ ഒന്നും ബാക്കി വയ്ക്കാതങ്ങ് കൊണ്ട് പോകും.

ഇനി ആര് സഹായിച്ചില്ലെങ്കിലും നമ്മള്‍ ഒറ്റയ്ക്ക നിന്ന പ്രളയത്തെ നേരിടും. 2018 ലെ പ്രളയവവും നിപ്പയും ഓഖിയും ഒക്കെ വന്നുപോയപോലെ ഈ പ്രളയത്തെയും നമ്മള്‍ അതിജീവിച്ചു. ഇനിയെത്ര ദുരന്തങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചാലും സടകുടഞ്ഞെഴുന്നേല്‍ക്കുന്ന സിംഹത്തെപ്പോലെ പിന്നെയും കേരളം അതില്‍ നിന്നൊക്കെ ഉയര്‍ത്തെഴുന്നേല്‍ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button