Latest NewsArticleKeralaNews

പൗരത്വ നിയമ ഭേദഗതി: കോടതികളില്‍ നിന്ന് സമരക്കാര്‍ക്ക് വീണ്ടും തിരിച്ചടി സമരം പുലിവാല് പിടിപ്പിക്കുമെന്ന് പ്രതിപക്ഷത്ത് ചിന്ത മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെവിഎസ് ഹരിദാസ് എഴുതുന്നു

പൗരത്വ നിയമ ഭേദഗതിയെ ബിജെപിക്കും നരേന്ദ്ര മോഡി സർക്കാരിനുമെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള പ്രതിപക്ഷ മാവോയിസ്റ്റ് നീക്കങ്ങൾ തിരിച്ചടിക്കുന്നു. മുസ്ലിം വോട്ട് ലക്ഷ്യമിട്ടുകൊണ്ട് പ്രതിപക്ഷ കക്ഷികൾ നടത്തിയ നീക്കം ക്യാമ്പസുകൾക്ക് അപ്പുറത്തേക്ക് കടത്താൻ ഇനിയും കഴിഞ്ഞതുമില്ല. ഡൽഹിയിൽ സമരത്തിന് നേതൃത്വം കൊടുത്ത ജാമിയ മിലിയ പോലുള്ള കാമ്പസുകൾ അടച്ചുപൂട്ടിയതോടെ രാഷ്ട്രീയക്കാർ ധർമ്മ സങ്കടത്തിലായി. അതിനപ്പുറമാണ്,   സമരത്തിനിടയിൽ അക്രമം അഴിച്ചുവിട്ടവർക്കെതിരെ ദൽഹി പോലീസ് നടത്തിയ നീക്കങ്ങൾ. അക്രമത്തിന്, കലാപത്തിന് തയ്യാറായവരെ, വിദ്യാർഥികളെ പ്രത്യേകിച്ചും,  അറസ്റ്റ് ചെയ്യരുതെന്ന ആവശ്യം ഇന്നു ദൽഹി ഹൈക്കോടതി തള്ളി. നൂറുകണക്കിന് പേർക്കെതിരെ ദൽഹി പോലീസ് ഇതിനകം എഫ്‌ഐആർ ഫയൽ ചെയ്തുകഴിഞ്ഞു. അവർക്കെതിരെ ജാമ്യമില്ലാ വാറണ്ടാവും അടുത്ത ദിവസങ്ങളിൽ പുറപ്പെടുവിക്കുക. ഇത്തരമൊരു സാഹചര്യത്തിൽ പ്രതിപക്ഷത്തിന് ഈ പ്രക്ഷോഭം മുന്നോട്ട് കൊണ്ടുപോകുക എളുപ്പമാവില്ല എന്നതാണ് വിലയിരുത്തൽ. വേറൊന്ന് ഇതിന്റെ പൊളിറ്റിക്കൽ ഇമ്പാക്ട്,  രാഷ്ട്രീയമായ പ്രത്യാഘാതം, തങ്ങളെയാണ് ഏറ്റവുമധികം ബാധിക്കുന്നതെന്ന് കോൺഗ്രസും ആം ആദ്‌മി പാർട്ടിയും തിരിച്ചറിയുന്നുമുണ്ട്.

സുപ്രീം കോടതിയിൽ  കഴിഞ്ഞ ദിവസം വിദ്യാർഥികൾക്ക് വേണ്ടി ഹർജിയുമായി എത്തിയവർ ആവശ്യപ്പെട്ടതും അറസ്റ്റും എഫ്ഐആർ ഇടുന്നതും തടയണം എന്നതായിരുന്നു. അതിന് പുറമെ കാമ്പസുകളിൽ നടക്കുന്ന പോലീസ് അതിക്രമങ്ങളെക്കുറിച്ച് കോടതി തന്നെ അന്വേഷിക്കണമെന്നും. അതൊക്കെ സുപ്രീം കോടതി തള്ളിയിരുന്നു. മാത്രമല്ല ഓരോരുത്തരും അവരവരുടെ ഹൈക്കോടതികൾ സമീപിക്കാനും ഉത്തരവിട്ടു. വേറൊന്ന് കൂടി സുപ്രീം കോടതി പറഞ്ഞിരുന്നു; കേസുകൾ തീർപ്പാക്കുമ്പോൾ എല്ലാ ബന്ധപ്പെട്ടവരെയും ഹൈക്കോടതി കേൾക്കണം എന്ന്.  അത്തരത്തിലുള്ള ഉത്തരവാണ് ഇന്നിപ്പോൾ ദൽഹി ഹൈക്കോടതിയിൽ നിന്നുമുണ്ടായത്.  അതായത് കോടതികളെ സമീപിച്ചുകൊണ്ട് സമരത്തിന് സഹായകരമായ അവസ്ഥയുണ്ടാക്കാനുള്ള പ്രതിപക്ഷ  നീക്കങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. ഇനി അറസ്റ്റ് തുടങ്ങിയാൽ, പലർക്കും ജയിലിൽ കഴിയേണ്ടിവരും. ജാമ്യം കിട്ടാൻ പോലും പ്രയാസമാകും.

അക്രമികളുടെ അറസ്റ്റ് തടയാനാവില്ല എന്നുള്ള ഉത്തരവ് ഇന്ന് ദൽഹി ഹൈക്കോടതി പ്രസ്താവിച്ചപ്പോൾ അവിടെക്കൂടിയവർ നടത്തിയ പ്രതികരണം ശ്രദ്ധിക്കേണ്ടതാണ്. ‘ഷെയിം ഷെയിം ‘ എന്നതാണ് അവർ കോടതി മുറിയിൽ വിളിച്ചുകൂവിയത്. അതിൽ കക്ഷികളും അഭിഭാഷകരുമുണ്ടായിരുന്നു എന്നാണ് സൂചനകൾ; അതിന്റെ വിശദാംശങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.   തങ്ങൾക്ക് അനുകൂലമല്ല കോടതി ഉത്തരവ് എങ്കിൽ ജഡ്ജിമാരെ വരെ അധിക്ഷേപിക്കുക എന്നതാണ് നയമെന്ന് അതിൽനിന്ന് വ്യക്തം. ഈ സംഭവം തീർച്ചയായും സുപ്രീം കോടതിയും ഗൗരവത്തിൽ എടുക്കാനാണ് സാധ്യത. ഇങ്ങനെ മുന്നോട്ട് പോകാൻ കോടതികൾക്കാവുമോ?

ഇവിടെ നാം ശ്രദ്ധിക്കേണ്ടുന്ന  മറ്റൊരു  കാര്യം, ശബരിമല പ്രക്ഷോഭത്തിന്റെ കാലത്ത് പിണറായി വിജയൻ സർക്കാർ സ്വീകരിച്ച അതെ സമീപനമാണ്  ഇപ്പോൾ ഡൽഹിയിൽ പോലീസ് കൈക്കൊള്ളുന്നത് എന്നതാണ്. അക്കാലത്ത് നിലക്കൽ എത്തിയ അയ്യപ്പ  ഭക്തരെ മുഴുവൻ ക്യാമറയിൽ പകർത്താനും ആ ഫോട്ടോകൾ ആധാറുമായി ബന്ധിപ്പിച്ച്  ആളുകളെ തിരിച്ചറിയാനും  സർക്കാർ തയ്യാറായി. അങ്ങിനെയാണ് ശബരിമലയിലെത്തിയ ലക്ഷത്തിലേറെപ്പേരെ കേസുകളിൽ കേരളാ പോലീസ് കുടുക്കിയത്. ആ ശാസ്ത്രീയ മാർഗത്തിലൂടെ ഓരോരുത്തരുടെയും മേൽവിലാസമടക്കം എളുപ്പം കണ്ടെത്താനാവും. ഇതിപ്പോൾ ഡൽഹിയിൽ സമരമുഖത്തുണ്ടായിരുന്ന നൂറു കണക്കിന് കുട്ടികളുണ്ട്;  ബസ് കത്തിച്ച വേളയിലും അക്രമങ്ങൾ നടന്നപ്പോഴും മറ്റും ഉണ്ടായിരുന്നവരുമൊക്കെ അതിൽ പെടും. അവരെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു; അവർക്കെതിരെയാവും കേസുകൾ രൂപപ്പെടുക. അറസ്റ്റ് ചെയ്യപ്പെട്ടാൽ ഇന്നത്തെ നിലക്ക് കുറച്ചുനാൾ എങ്കിലും ജയിലിൽ കഴിയേണ്ടതായി  വരും. രാഹുൽ – സോണിയ ഗാന്ധിമാരെയും കെജ്രിവാളിനെയും യെച്ചൂരിയെയുമൊക്കെ വിശ്വസിച്ചു എത്തിയവരാണ് പുലിവാല് പിടിക്കുന്നതെന്നർത്ഥം. ജെഎൻയു, ദൽഹി സർവകലാശാല വിദ്യാർത്ഥികളും അക്കൂട്ടത്തിലുണ്ട് എന്നതാണ് സൂചനകൾ.

വേറൊന്ന്, ഇന്ന്   പാക്കിസ്ഥാനിൽ നിന്നുമെത്തിയ അഭയാർഥികൾ രാജ്ഘട്ടിൽ പ്രാർഥന സഭ നടത്തിയിരുന്നു. അവർക്ക് ഇപ്പോഴത്തെ നിയമ ഭേദഗതി അനുകൂലമാകും; പൗരത്വവും ലഭിക്കും. ആ സ്ഥലത്തേക്ക് പ്രകോപനവുമായി എത്തിയ മേധാ പട്ക്കർക്ക് ജീവനും കൊണ്ട് ഓടി രക്ഷപ്പെടേണ്ടിവന്നു. അവരെ ആട്ടിപ്പായിച്ചു എന്ന് പറയുന്നതാവും ശരി. ഇതാണ് ഇന്നിപ്പോൾ പൊതു  സമൂഹത്തിലെ ചിന്ത. കോൺഗ്രസും എഎപിയും കൂട്ടരും മുസ്ലിം വോട്ടിനു വേണ്ടി ഹിന്ദു സമൂഹത്തെ ഒറ്റുകൊടുത്തു എന്ന  ചർച്ചയാണ്  വ്യാപകമാവുന്നത്. ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അത് തങ്ങൾക്ക് വിനയാവുന്നു എന്ന് കെജ്‌രിവാൾ മനസിലാക്കിയത് വൈകിയാണ്. അതിന് മുൻപ് ആ പാർട്ടിയിൽ പെട്ട എംഎൽഎമാർ  കലാപത്തിന് തയ്യാറായത് എവിടെയും ചർച്ചചെയ്യപ്പെട്ടു. ഇപ്പോൾ ചാർജ് ചെയ്തിട്ടുള്ള കേസുകളിൽ ഏറെയും ആ നേതാക്കൾ പ്രതിക്കൂട്ടിലാണ്. കോൺഗ്രസ്, പക്ഷെ, ഇപ്പോഴും മറ്റെന്തൊക്കെയോ ചിന്തയിലാണ്. ഈ പ്രക്ഷോഭം കൊണ്ട് നരേന്ദ്ര മോഡി സർക്കാർ നിലം പതിക്കുമെന്ന് സോണിയ പറയുന്നുണ്ട് എന്ന് കോൺഗ്രസുകാർ   വിളിച്ചുപറയുന്നുണ്ടായിരുന്നു. അത്രക്കെ അവർക്ക് രാഷ്ട്രീയ ബോധമുള്ളൂ എന്നതാണ് യാഥാർഥ്യം. സിഖ് കലാപത്തിന് നേതൃത്വം കൊടുത്ത ജഗദിഷ് ടൈറ്റ്ലരും മറ്റും ഈ സമരത്തിന് കരുത്തുപകറാൻ തെരുവിലിറങ്ങിയത് എങ്ങിനെയാണ് ബാധിക്കുക എന്നതും കണ്ടറിയേണ്ടിയിരിക്കുന്നു.

ഇന്നലെ ദൽഹി ഇമാമും ഇന്നിപ്പോൾ അജ്‌മീർ ദർഘയുടെ മേധാവിയും പൗരത്വ ഭേദഗതി ഇന്ത്യൻ മുസ്ലിങ്ങളെ ബാധിക്കില്ല,  അത് മുസ്ലിങ്ങൾക്കെതിരല്ല എന്നൊക്കെ  പറഞ്ഞിട്ടുണ്ട്. ദൽഹി ഇമാം അത് പറഞ്ഞത് കെജ്‌രിവാളിന് വേണ്ടിയാണ് എന്നതാണ് മനസിലാക്കുന്നത്. മുസ്ലിംകലാപം ഇതുപോലെ തുടർന്നാൽ ഡൽഹിയിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന്  എഎപി നേതാക്കൾ പോയി കണ്ടുപറഞ്ഞുവത്രേ. അതുതന്നെയാണോ ഇപ്പോൾ അജ്‌മീർ ദർഗാ മേധാവിയുടെ പ്രസ്താവനക്ക് പിന്നിൽ എന്നതറിയില്ല, പക്ഷെ, അവർ രണ്ടുപേരും പറഞ്ഞത്  വസ്തുതയാണ് എന്നത് അംഗീകരിക്കാതെയും വയ്യല്ലോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button