തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള പത്ത് ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. പൗരത്വ നിയമ ഭേദഗതി ഏതെങ്കിലും ഇന്ത്യന്‍ പൗരനെ ബാധിക്കുന്നതാണോ?,പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ മുസ്ലീങ്ങളെ പടിപടിയായി പുറത്താക്കാനുള്ളതോ?,ആര്‍ക്കാണ് പൗരത്വ ഭേദഗതി നിയമം ബാധകമാകുക? ചോദ്യങ്ങള്‍ക്കാണ് സുരേന്ദ്രന് ഫെയ്സ്ബുക്കിലൂടെ മറുപടി നല്‍കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ചോദ്യം: 1 പൗരത്വ നിയമ ഭേദഗതി ഏതെങ്കിലും ഇന്ത്യന്‍ പൗരനെ ബാധിക്കുന്നതാണോ?
ഉത്തരം: അല്ല, ഇന്ത്യയിലെ പൗരന്മാരെ ഒരുതരത്തിലും ബാധിക്കുന്നതല്ല ഇത്. ഇന്ത്യയിലെ പൗരന്മാര്ക്ക് ഭരണഘടന നല്‍കിയിട്ടുള്ള മൗലികാവകാശങ്ങള്‍ പൗരത്വ നിയമ ഭേദഗതി മൂലം ആര്‍ക്കും നഷ്ടപ്പെടില്ല. അത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ഒരു പൗരനെയും നിയമം ബാധിക്കില്ല.
ചോദ്യം:2, പിന്നെ ആര്‍ക്കാണ് പൗരത്വ ഭേദഗതി നിയമം ബാധകമാകുക?
ഉത്തരം: പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്താന് എന്നീ രാജ്യങ്ങളില്‍ നിന്ന് മതപീഡനം നേരിട്ട് 31.12.2014 ന് മുമ്ബ് വരെ ഇന്ത്യയിലെത്തിയിട്ടുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാര്‍സി, ക്രിസ്ത്യന്‍ മതവിശ്വാസികളായിട്ടുള്ള വിദേശികള്‍ക്കാണ് നിയമം ബാധകമാകുന്നത്. ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുമുള്ള മുസ്ലീങ്ങള്‍ അടക്കമുള്ള മറ്റ് കുടിയേറ്റക്കാര്‍ക്ക് ഇത് ബാധകമല്ല.
ചോദ്യം:3 ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നും വന്നിട്ടുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് നിയമം എത്രത്തോളം പ്രയോജനകരമാണ്?
ഉത്തരം: ഇവര്‍ക്ക് പാസ്പോര്‍ട്ട് അടക്കമുള്ള മതിയായ യാത്രാ രേഖകള്‍ ഇല്ലെങ്കില്‍പോലും തിരികെ ചെന്നാല്‍ മതപീഡനം നേരിടേണ്ടി വരുന്നവരാണെങ്കില്‍ പൗരത്വത്തിന് അപേക്ഷിക്കാം. പൗരത്വ ഭേദഗതി നിയമം ഈ കുടിയേറ്റക്കാര്‍ക്ക് അതിനുള്ള നിയമപരമായ അവകാശം നല്കുന്നു. സ്വാഭാവികമായ വഴിയിലൂടെ ഇവര്‍ക്ക് വേഗത്തില്‍ പൗരത്വം ലഭിക്കാന്‍ വഴിയൊരുങ്ങും. പൗരത്വം ലഭിക്കാന്‍ 12 വര്‍ഷത്തോളം ഇന്ത്യയില്‍ താമസിച്ചിരിക്കണമെന്ന വ്യവസ്ഥ ഇവരുടെ കാര്യത്തില്‍ ആറുവര്‍ഷമായി കുറച്ചിട്ടുണ്ട്.
ചോദ്യം: 4, പാകിസ്താന്, അഫ്ഗാനിസ്താന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ക്ക് ഒരിക്കലും ഇന്ത്യന്‍ പൗരത്വം ലഭിക്കില്ലെന്നാണോ ഇത് അര്‍ഥമാക്കുന്നത്?
ഉത്തരം: അല്ല, പൗരത്വ നിയമത്തിലെ ആറാം വകുപ്പ് പ്രകാരമുള്ള സ്വാഭാവിക നിയമ നടപടിക്രമങ്ങളില്‍ കൂടിയോ, നിയമത്തിലേതന്നെ അഞ്ചാം വകുപ്പിലെ രജിസ്ട്രേഷന് നടപടികളില്‍ കൂടിയോ ഏതൊരാള്‍ക്കും ഇന്ത്യന്‍ പൗരത്വം നേടാവുന്നതാണ്. പൗരത്വ ഭേഗദതി നിയമം ഇക്കാര്യങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് മുസ്ലീം കുടിയേറ്റക്കാര്‍ക്ക് ഇന്ത്യ പൗരത്വം നല്‍കിയിട്ടുണ്ട്. യോഗ്യരാണെന്ന് വ്യക്തമായാല്‍ ഭാവിയിലും കുടിയേറ്റക്കാര്‍ക്ക് അവരുടെ മതമോ എണ്ണമോ നോക്കാതെ പൗരത്വം ലഭ്യമാക്കും. 2014ലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി കരാര്‍ പ്രകാരം 14,864 ബംഗ്ലാദേശുകാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടുണ്ട്. ഇവരെല്ലാവരും മുസ്ലീങ്ങളായിരുന്നു.
ചോദ്യം:5, അനധികൃതമായി കുടിയേറിയ മുസ്ലീങ്ങളെ പൗരത്വ ഭേദഗതി നിയമപ്രകാരം പുറത്താക്കുമോ?
ഉത്തരം: ഇല്ല, വിദേശികളെ ഇന്ത്യയില്‍ നിന്ന് നാടുകടത്തുന്നതിനെപ്പറ്റി പൗരത്വ ഭേദഗതി നിയമത്തില്‍ ഒന്നും പറയുന്നില്ല. മതമോ, രാജ്യമോ നോക്കാതെ 1946ലെ ഫോറിനേഴ്സ് ആക്ട്, 1920ലെ പാസ്പോര്‍ട്ട് നിയമം തുടങ്ങിയ നിയമപ്രകാരമാണ് ആളുകളെ നാടുകടത്തുന്നത്. ഈ രണ്ട് നിയമപ്രകാരമാണ് ഇന്ത്യയിലേക്കുള്ള വിദേശികളുടെ വരവും താമസവും, ഇന്ത്യയ്ക്കകത്തുള്ള യാത്രകളും, പുറത്ത് പോകുന്നതും നിയന്ത്രിക്കുന്നത്, അതില്‍ മതമോ രാജ്യമോ പരിഗണിക്കാറില്ല.ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന വിദേശികളെ നാടുകടത്താനാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്. ലോക്കല്‍ പോലീസിന്റേയോ പ്രദേശിക ഭരണകൂടത്തിന്റെയോ അന്വേഷണത്തില്‍ വിദേശിയെന്ന് കണ്ടെത്തുന്നവരെ കോടതി നടപടികള്‍ വഴിയാണ് നാടുകടത്തുന്നത്. ഇത്തരത്തില്‍ പിടിക്കപ്പെടുന്ന വിദേശിയുടെ പക്കല്‍ അയാളുടെ രാജ്യത്തിന്റെ എംബസിയുടെ യാത്രാ രേഖകള്‍ ഉണ്ടായിരിക്കണമെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. നാടുകടത്തപ്പെട്ടാല്‍ ആ വ്യക്തിയുടെ രാജ്യത്തെ ഉദ്യോഗസ്ഥര്‍ക്ക് അയാളെ കൈമാറിയെന്ന് ഉറപ്പ് വരുത്താനാണിത്.അസ്സമില്‍, 1946ലെ ഫോറിനേഴ്സ് നിയമപ്രകാരം വിദേശിയെന്ന് കണ്ടെത്തിയ ആളെ മാത്രമേ നാടുകടത്തലിന് വിധേയനാക്കു. ഇക്കാര്യത്തില്‍ യാതൊരുതരത്തിലുമുള്ള വിവേചനവുമുണ്ടായിരിക്കില്ല. സംസ്ഥാന സര്‍ക്കാരുകള്‍, ജില്ലാ ഭരണകൂടങ്ങള്‍ തുടങ്ങിയവര്‍ക്ക് 1920 പാസ്പോര്‍ട്ട് നിയമ പ്രകാരം അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്ന വിദേശിയെന്ന് കണ്ടെത്തുന്നവരെ നാടുകടത്താനാകും.
ചോദ്യം: 6, ഈ മൂന്ന് രാജ്യങ്ങള്‍ക്ക് പുറത്തുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മതപീഡനം നേരിടുന്ന ഹിന്ദുക്കള്‍ക്ക് പൗരത്വ ഭേദഗതി നിയമപ്രകാരം പൗരത്വത്തിന് അപേക്ഷിക്കാനാകുമോ?
ഉത്തരം: ഇല്ല. അത്തരക്കാര്‍ക്ക് മറ്റ് വിദേശികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നേടാന്‍ ചെയ്യേണ്ട നടപടിക്രമങ്ങളില്‍ കൂടി പൗരത്വം നേടാം. 1955ലെ പൗരത്വ നിയമത്തിലോ പുതിയ പൗരത്വ ഭേദഗതിയിലോ അവര്‍ക്ക് പ്രത്യേക പരിഗണന ഇല്ല.
ചോദ്യം: 7 വംശം, ലിംഗം, രാഷ്ട്രീയ പാര്‍ട്ടികളിലോ സാമൂഹിക സംഘടനകളിലോ അംഗത്വം, ഭാഷ, ഗോത്രം തുടങ്ങിയ വിഷയങ്ങളുടെ പേരില്‍ വിവേചനമോ പീഡനമോ നേരിടുന്നവര്‍ക്ക് പൗരത്വ ഭേദഗതി നിയമം സംരക്ഷണം നല്കുന്നുണ്ടോ?
ഉത്തരം: ഇല്ല, മുമ്ബ് പരാമര്‍ശിച്ചിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് മതപരമായ പീഡനത്തെ തുടര്‍ന്ന് എത്തിയവര്‍ക്കുവേണ്ടി മാത്രമാണ് പൗരത്വ ഭേദഗതി. ഏതെങ്കിലും തരത്തില്‍ വിവേചനമോ പീഡനമോ നേരിടുന്ന മറ്റ് ഏതൊരു രാജ്യത്തുനിന്നുള്ളവര്‍ക്കും 1955ലെ പൗരത്വ നിയമപ്രകാരമുള്ള നടപടികളിലൂടെ പൗരത്വത്തിന് അപേക്ഷ സമര്‍പ്പിക്കാം.
ചോദ്യം: 8. പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ മുസ്ലീങ്ങളെ പടിപടിയായി പുറത്താക്കാനുള്ളതാണോ?
ഉത്തരം: അല്ല, ഇന്ത്യയിലെ ഒരുപൗരനുപോലും പൗരത്വ ഭേദഗതി നിയമം ബാധകമാകില്ല. ഇന്ത്യയിലെ എല്ലാ പൗരന്മാര്ക്കും ഭരണഘടന നല്‍കിയിട്ടുള്ള മൗലികാവകാശങ്ങളുണ്ട്. ഒരുപൗരന്റെയും പൗരത്വം എടുത്തുമാറ്റുന്നതിനുള്ളതല്ല പൗരത്വ ഭേഗഗതി നിയമം. ഇന്ത്യയുടെ മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്ന് പ്രത്യേക സാഹചര്യത്താല്‍ വന്നിട്ടുള്ള ചിലര്‍ക്ക് വേണ്ടി മാത്രമുള്ള പ്രത്യേക നിയമം മാത്രമാണ് ഇത്.
ചോദ്യം: 9. പൗരത്വ ഭേദഗതിക്ക് പിന്നാലെ ദേശീയ പൗരത്വ രജിസ്റ്റര്‍ വരികയും മുസ്ലീങ്ങള്‍ ഒഴികെയുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുകയും മുസ്ലീങ്ങളെ ഡിറ്റന്‍ഷന്‍ ക്യാമ്ബുകളിലാക്കുകയും ചെയ്യുമോ?
ഉത്തരം: പൗരത്വ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധമില്ല. എന്‍ആര്‍സിയെ സംബന്ധിച്ച് 1955 ലെ പൗരത്വ നിയമത്തിന്റെ ഭാഗമായ നിയമപരമായ വ്യവസ്ഥകള്‍ 2004 ഡിസംബര്‍ മുതല്‍ നിലവിലുണ്ട്. കൂടാതെ, ഈ നിയമ വ്യവസ്ഥകള്‍ പ്രാവര്‍ത്തികമാക്കുന്നതിന് ആവശ്യമായ നിയമ ചട്ടക്കൂട് 2003ല്‍ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഇത് പ്രകാരമാണ് ഇന്ത്യന്‍ പൗരന്മാരെ രജിസ്റ്റര്‍ ചെയ്ത് അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത്. ഇതിനായുള്ള നിയമ വ്യവസ്ഥകളില്‍ കഴിഞ്ഞ 15-16 വര്‍ഷങ്ങളായി നിലവിലുണ്ട്. ഇവയ്ക്കൊക്കെയുള്ള ബദല്‍ നിയമമല്ല പൗരത്വ ഭേദഗതി നിയമം.
ചോദ്യം:10. പൗരത്വ ഭേദഗതി നിയമത്തിന്റെ വ്യവസ്ഥകള്‍ എന്തൊക്കെയാണ്?
ഉത്തരം: പൗരത്വ ഭേദഗതിക്ക് ആവശ്യമായ ചട്ടങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. നിയമത്തിലെ വിവിധ വ്യവസ്ഥകള്‍ക്ക് അനുസൃതമായി അവ നടപ്പിലാക്കും.
https://www.facebook.com/KSurendranOfficial/posts/2686427188108567?__xts__%5B0%5D=68.ARCfJZfHNCtUUXZkrUGfm2ivZIbEEO0j3Oarj1qMh2PjFtz-LNriolBgyn2Bzf2TolIOHVoJ-3mQCvCypatP0UaW-NKVmjMsJlXumRXqZ3vOdvaYxeFVl13TkzGN1Sdrk_eQDpCe4ui4l_NWzzX7xv2Q7y_Vowqc8PqqcTHNAlDp6FkxaDb0zjeqF8MNKnIE8hORycw7p1ICijtodSumcJNg3L94sMoa7rCXBaCVvEY17W_PiYZgOvM_zXHFwyGPKyHy9TyiqXrVQY8rvLEHDF1KbMil2MTXKQQ_2Fv7hhXgXU58bK8mAfshBTXrvIw8m-EKMJvXeVdLzDoS8U4imA&__tn__=-R
Post Your Comments