ന്യൂഡല്‍ഹി: പൗരത്വ ബില്‍ ഇന്ത്യയുടെ മുന്നോട്ടുപോക്കിന് അതിപ്രധാനമാണെന്നും, ബില്ലിനെതിരായ കള്ളപ്രചാരണങ്ങള്‍ നടത്തുന്ന ചില ഇന്ത്യൻ പാർട്ടിക്കാരുടെ ഭാഷ പാകിസ്ഥാന്റേതിന് തുല്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിവാദമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ഡല്‍ഹിയില്‍ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു മോദിയുടെ പ്രതികരണം.
മുസ്ലിം അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാത്തതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിക്കുകയാണ്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങളായവര്‍ പീഡനം സഹിക്കവയ്യാതെ അഭയം തേടി ഇന്ത്യയിലെത്തിയിരുന്നു. അവര്‍ക്കാണ് പുതിയ ബില്ലിലൂടെ പൗരത്വം നല്‍കുന്നതെന്ന് കേന്ദ്രം വിശദീകരിക്കുന്നു.
ബംഗാളി ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കാനുള്ള നീക്കമാണെന്നാണ് അതിര്‍ത്തി സംസ്ഥാനങ്ങളിലെ പ്രധാന പ്രചാരണം. എന്നാല്‍ ബില്ല് പാസായാല്‍ അഭയാര്‍ഥികള്‍ക്ക് സ്വാഭാവികമായി പൗരത്വം കിട്ടില്ലെന്നും മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും കേന്ദ്രം വിശദീകരിക്കുന്നു. പാകിസ്താന്‍, അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് പീഡനം മൂലം ഇന്ത്യയിലെത്തിയവര്‍ക്ക് മാനുഷിക പരിഗണന അടിസ്ഥാനമാക്കിയാണ് പൗരത്വം നല്‍കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു.
ബംഗ്ലാദേശില്‍ നിന്ന് ഹിന്ദുക്കള്‍ കൂടുതലായി കുടിയേറാന്‍ സാധ്യതയുണ്ട് എന്നാണ് മറ്റൊരു പ്രചാരണം. ഇതിന് സര്‍ക്കാര്‍ മറുപടി നല്‍കുന്നത് ഇങ്ങനെ- ബംഗ്ലാദേശില്‍ നിന്നുള്ള മിക്ക ന്യൂനപക്ഷങ്ങളും കുടിയേറിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം കുറവാണ്. കുടിയേറ്റവും കുറവാണ്. 2014 ഡിസംബര്‍ 31ന് മുമ്ബ് അഭയം ചോദിച്ചെത്തിയവര്‍ക്കാണ് പൗരത്വ ബില്ല് പ്രകാരം പൗരത്വം നല്‍കുകയെന്നും സര്‍ക്കാര്‍ പറയുന്നു.
ലോക്‌സഭയില്‍ തിങ്കളാഴ്ച പാസാക്കിയ ബില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ രാജ്യസഭയില്‍ അവതരിപ്പിക്കും. ഇതിനായി ചോദ്യോത്തരവേള ഒഴിവാക്കിയതായി രാജ്യസഭാ അധികൃതര്‍ അറിയിച്ചു.ബില്ല് അവതരണത്തിന് മുന്നോടിയായി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ബില്ല് രാജ്യസഭയിലും പാസ്സാകുമെന്ന ആത്മവിശ്വാസത്തിലാണ് അമിത് ഷായും ബിജെപിയും. കണക്കുകള്‍ ബിജെപിക്ക് അനുകൂലമാണെങ്കിലും യുപിഎയും കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്.
Post Your Comments