തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി പ്രശ്നമല്ലെന്നും കേരളത്തിലെ വിവിധ കോളേജുകളിലെ യൂണിയൻ ചെയർമാൻമാരുടെ സംഘം യുകെയിൽ പരിശീലനത്തിന് പോകുമെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീൽ വ്യക്തമാക്കി. സർക്കാരിന്റെ തീരുമാനത്തിൽ യാതൊരു മാറ്റവുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചെയർമാൻമാരുടെ വിദേശയാത്ര ധൂർത്താണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രളയാനന്തര കേരളത്തിൽ എന്തിനാണീ പാഴ്ചെലവെന്നാണ് ചോദിക്കുന്നത്. സർക്കാർ കോളേജുകളിലെ യൂണിയൻ ഭാരവാഹികളെ കാർഡിഫ് സർവ്വകലാശാലയിൽ നേതൃഗുണ പരിശീലനത്തിന് അയക്കാനുള്ള തീരുമാനം സർക്കാരിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് ഉറപ്പാണ്. സാമ്പത്തിക കാലത്തെ വിദേശപരിശീലനം വിവാദമാകുമ്പോഴും സർക്കാറിന് കുലുക്കമില്ല. നിലവിൽ സർക്കാർ കോളേജുകളിലെ ചെയർമാൻമാർക്ക് മാത്രമേ പരിശീലനമുള്ളൂ.
”ഇനി ഈ പരിശീലന പരിപാടി ക്രമേണ സർക്കാർ ഇതര കോളേജുകളിലെ ചെയർമാൻമാർക്കും നൽകും. വളർന്നു വരുന്ന ചെറുപ്പക്കാർ എന്താണ് ലോകമെന്നറിയട്ടെ. എന്താണ് ലോകത്ത് നടക്കുന്നത് എന്നതിന്‍റെ അനുഭവസാക്ഷ്യങ്ങളുണ്ടാകണം. ആക്ഷേപങ്ങളും ആരോപണങ്ങളും സാധാരണമാണ്. അതിനെ അതിജീവിച്ച് നമുക്ക് നമ്മുടെ ലക്ഷ്യസ്ഥാനത്ത് എത്തണം”, എന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു.
Post Your Comments