കാലടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പൊലീസ് പിടിയിൽ. മഹാരാഷ്ട്ര നവി മുംബൈ ഐരോളി കോംപ്ലക്സ് ജുപീറ്റർ കിഷോർ വെനേറാം ചൗധരി(34)യെയാണ് അറസ്റ്റ് ചെയ്തത്. കാലടി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. അസർബൈജാനിൽ റിഗ്ഗിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മലയാറ്റൂർ സ്വദേശി സിബിനിൽ നിന്ന് 1,25,000 രൂപ ഗൂഗിൾ പേ വഴി കൈപ്പറ്റിയ ശേഷം ജോലി നൽകാതെ കബളിപ്പിക്കുകയായിരുന്നു.
തുടർന്ന്, യുവാവ് കാലടി പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ മുംബൈയിൽ തന്നെ താമസിക്കുന്ന ഡൽഹി, ഹരിയാന സ്വദേശികളായ രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. കിഷോറിനെ മഹാരാഷ്ട്രയിലെ താനെയിൽ നിന്നാണ് പിടികൂടിയത്.
ഈ കേസിലെ പ്രതികൾ കാലടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സമാനമായ മറ്റൊരു തട്ടിപ്പു കേസിലും പ്രതികളാണ്. ഇൻസ്പെക്ടർ എൻ.എ അനൂപ് എസ്എ മാരായ എം.സി ഹാരിഷ്, വി.കെ. രാജു സിപിഒമാരായ ഷിജോ പോൾ, എൻ.കെ. നിഖിൽ, കെ.എസ്. സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.
Post Your Comments