തിരുവനന്തപുരം: സംസ്ഥാനത്തെ യുവാക്കള്‍ ജോലിക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന പ്രവണത കൂടിവരുന്നതായി ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ‘ഇവിടെ ജീവിതം വിജയിക്കില്ലെന്ന തോന്നലുകൊണ്ടാണ് യുവാക്കള്‍ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നത്. മികച്ച ജീവിത നിലവാരം ഉറപ്പുവരുത്തണമെങ്കില്‍ ഇവിടെ കഴിവിനും വിദ്യാഭ്യാസത്തിനുമനുസരിച്ചുള്ള മികച്ച ജോലികള്‍ ലഭിക്കണം. യുവാക്കള്‍ വിദേശത്തേക്ക് കുടിയേറുന്നത് തടയാന്‍ ഭരണാധികാരികള്‍ക്ക് കഴിയണം’, മുഖ്യമന്ത്രി വേദിയിലിരിക്കെ അദ്ദേഹം ചൂണ്ടിക്കാട്ടി. സീറോ മലബാര്‍ സഭയടുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, കേരളത്തിലെ നിലവിലുള്ള സ്ഥിതി മാറിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി. ‘രാജ്യത്തിന് പുറത്തേയ്ക്ക് യുവാക്കള്‍ പോകുന്നതൊരു പ്രതിഭാസമാണ്. പണ്ടത്തേ പോലെ അവരെ പിടിച്ച് നിര്‍ത്താനാകില്ല. എന്ത് പഠിക്കണം, എവിടെ പഠിക്കണം എന്ന ബോധ്യം ഇന്നത്തെ യുവതലമുറയ്ക്കുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്’, മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments