ന്യൂഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ അടുത്തയാഴ്ച നടപ്പിലാക്കാൻ പോകുന്നുവെന്ന വാർത്തകൾ പുറത്തുവരുമ്പോൾ തന്നെ കേസിലെ മറ്റൊരു പ്രതികൂടി പുനഃപരിശോധന ഹർജി നൽകി. വധശിക്ഷ നൽകിയ വിധി പുനഃപരിശോധിക്കണമെന്ന് കാട്ടി അക്ഷയ് ഠാക്കൂറെന്ന പ്രതിയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
നേരത്തെ നിർഭയ കേസ് പ്രതികളെ ഉടൻ തൂക്കിലേറ്റുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബിഹാറിലെ ബക്സർ ജിയിലിന് തൂക്കുകയർ നിർമ്മിക്കാൻ നിർദേശം നൽകിയതിനു പിന്നാലെയായിരുന്നു അഭ്യൂഹങ്ങൾ ഉയർന്നത്. കഴിഞ്ഞദിവസം മറ്റൊരു പ്രതിയായ വിനയ് കുമാർ സമർപ്പിച്ച ദയാഹർജി തള്ളണമെന്ന് കേന്ദ്രസർക്കാർ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അക്ഷയ് ഠാക്കൂർ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ മറ്റുപ്രതികളായ വിനയ് കുമാർ, മുകേഷ് സിങ്, പവൻ ഗുപ്ത എന്നിവരുടെ ഹർജികൾ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.
സുപ്രീംകോടതി അക്ഷയ് ഠാക്കൂറിന്‍റെ പുനഃപരിശോധന ഹർജി തള്ളുകയാണെങ്കിൽ അദ്ദേഹത്തിന് രാഷ്ട്രപതിയ്ക്ക് ദയാഹർജി നൽകാനുള്ള അവസരമുണ്ട്. 2012 ഡിസംബർ 16നായിരുന്നു നിർഭയയെ ആറുപേർ ചേർന്ന് ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ 23കാരി പിന്നീട് മരണപ്പെടുകയും ചെയ്തു. കേസിൽ ആറുപ്രതികളാണുണ്ടായിരുന്നത്. ഒരാൾ പ്രായപൂർത്തിയാകാത്തയാളായിരുന്നു. മറ്റൊരു പ്രതിയായ രാം സിങ് ജിയിലിൽ നിന്ന് തൂങ്ങിമരിക്കുകയും ചെയ്തു.
അതേസമയം, 10 തൂക്കുകയറുകൾ നിർമ്മിച്ച് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇത് എവിടെ ഉപയോഗിക്കാനാണെന്ന് അറിയില്ലെന്നും ജയിൽ സൂപ്രണ്ട് വിജയ് കുമാർ അറോറ പറഞ്ഞിരുന്നു. ഡിസംബർ 14നു മുൻപായി 10 തൂക്കുകയറുകൾ തയ്യാറാക്കണമെന്ന് നിർദേശം ലഭിച്ചിട്ടുണ്ട്. ഇത് എവിടെ ഉപയോഗിക്കാനാണെന്ന് അറിയില്ല.
Post Your Comments