ന്യൂഡൽഹി: കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. തൊഴിൽ അവസരം 20 ൽ നിന്ന് 4 വർഷമായി ചുരുങ്ങുമെന്ന് നിയമനത്തിനായി കാത്തിരിക്കുന്നവർ ഭയപ്പെടുന്നതായി ഹർജികളിൽ പറയുന്നു.
2017-ൽ 70,000-ത്തിലധികം വിദ്യാർത്ഥികൾ പരിശീലനം നേടിയിട്ടുണ്ടെന്നും പരിശീലനത്തിന് ശേഷം, നിയമന കത്തുകൾ അയയ്ക്കുമെന്ന് വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും എന്നാൽ, അഗ്നിപഥ് പദ്ധതി അവതരിപ്പിച്ചതു മുതൽ അവരുടെ കരിയർ അനിശ്ചിതത്വത്തിലാണെന്നും ഹർജിയിൽ പറയുന്നു. ജൂൺ 14 ന് ആർമി റിക്രൂട്ടിംഗ് പ്ലാൻ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി വൻ പ്രതിഷേധമുയർന്നിരുന്നു.
എന്നാൽ, അഗ്നിപഥ് പദ്ധതിയിൽ പ്രതിഷേധിച്ച് ചില സംഘടനകൾ ഭാരത് ബന്ദിനും ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധത്തെത്തുടർന്ന് 500ലധികം ട്രെയിനുകൾ റദ്ദാക്കാൻ റെയിൽവേ നിർബന്ധിതരായി. തുടർന്ന് സംഘർഷം ലഘൂകരിക്കാനും യുവാക്കളെ ശാന്തരാക്കാനും കേന്ദ്ര സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചു. തുടർന്ന്, കോസ്റ്റ് ഗാർഡിലെയും സംസ്ഥാന സുരക്ഷാ സേനയിലെയും അഗ്നിവീരന്മാർക്ക് 10 ശതമാനം ജോലികൾ നീക്കിവയ്ക്കാൻ പ്രതിരോധ വകുപ്പ് തീരുമാനിച്ചു.
Post Your Comments