തൃശൂര്‍: ദേശീയപാത 66 ല്‍ മൂന്ന് പിടീക മുതല്‍ ഏങ്ങണ്ടിയൂര്‍ വരെയുള്ള ഭാഗത്ത് രാത്രിയില്‍ തെരുവുവിളക്കുകള്‍ നിശ്ചലമായ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ദേശീയപാത അതോറിറ്റി തിരുവനന്തപുരം മേഖല ഓഫീസിനോട് അടിയന്തരമായി പരിഹാരം കാണാന്‍ നിര്‍ദേശം നല്‍കി. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിയുടെ പരാതിയെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്.
ദേശീയപാത 66-ല്‍ മൂന്ന് പീടിക മുതല്‍ ഏങ്ങണ്ടിയൂര്‍ വരെയുള്ള ഭാഗത്ത് തെരുവു വിളക്കുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ നിരവധി അപകടങ്ങളുണ്ടാകുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ പരാതിയില്‍ ഗോവിന്ദന്‍ നമ്പൂതിരി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ടുമാസത്തിനിടെ സ്ഥിരമായി യാത്ര ചെയ്തപ്പോളാണ് തെരുവുവിളക്കുകളുടെ അഭാവം ശ്രദ്ധയില്‍പ്പെട്ടത്. ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന തെരുവുവിളക്കുകള്‍ പേരിന് മാത്രമാണ്, മതിയായ പ്രകാശമില്ല. ഇത് മൂലം യാത്രക്കാര്‍ മാനസികമായും ശാരീരികമായി ഒരുപാട് ക്ലേശങ്ങള്‍ അനുഭവിക്കുന്നു. ദിവസവും പതിനായിരക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന ദേശീയ പാതയില്‍ തെരുവുവിളക്കുകളുടെ അഭാവം അര്‍ദ്ധരാത്രിയില്‍ അമിതവേഗത്തിനും വലിയ അപകടങ്ങള്‍ക്കും വഴിയൊരുക്കും ഗോവിന്ദന്‍ നമ്പൂതിരി പറഞ്ഞു.
കേരളത്തിലെ സുപ്രധാനമായ ദേശീയപാതയായിട്ടും റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും നടപ്പിലാക്കിയിട്ടില്ല. അത് മൂലം രാത്രികാലങ്ങളില്‍ ഇതുവഴിയുള്ള യാത്ര ദുഷ്‌കരമാവുകയും ചെയ്യുന്നു. ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തെരുവുവിളക്കുകളുടെ കാര്യത്തില്‍ അലംഭാവം കാട്ടുവെന്നും വലിയ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Post Your Comments