Latest NewsNewsInternational

അമേരിക്ക ‘തിന്മയുടെ രാഷ്ട്ര’മാണെന്ന് ഫ്ലോറിഡ നേവല്‍ ബേസില്‍ വെടിവെയ്പ് നടത്തിയ സൗദി സൈനികന്‍

മയാമി (ഫ്ലോറിഡ): ഫ്ലോറിഡയിലെ നേവല്‍ എയര്‍ സ്റ്റേഷനില്‍ വെള്ളിയാഴ്ച വെടിവയ്പ്പ് നടത്തുന്നതിന് മുമ്പ് ട്വിറ്ററില്‍ അമേരിക്കയെ ‘തിന്മയുടെ രാഷ്ട്രം’ എന്ന് സൗദി സൈനികന്‍ അപലപിച്ചതായി കണ്ടെത്തി. പോലീസ് വെടിവെച്ച് കൊല്ലുന്നതിനുമുമ്പ് ഇയാള്‍ മൂന്നു പേരെ കൊലപ്പെടുത്തിയിരുന്നു.

അക്രമി സൗദി അറേബ്യയില്‍ നിന്നുള്ളയാളാണെന്ന് ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്‍റിസ് പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. 9/11 ആക്രമണത്തില്‍ ഉള്‍പ്പെട്ട 19 പേരില്‍ 15 പേരുടെയും അതേ ദേശീയതയുള്ളയാള്‍, അവരില്‍ ചിലര്‍ ഫ്ലോറിഡയിലെ സിവിലിയന്‍ ഫ്ലൈറ്റ് സ്കൂളില്‍ ചേര്‍ന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ജിഹാദി മാധ്യമങ്ങളെ നിരീക്ഷിക്കുന്ന ‘ദ സൈറ്റ് ഇന്‍റലിജന്‍സ് ഗ്രൂപ്പ്’ (The SITE Intelligence Group) അക്രമി മുഹമ്മദ് അല്‍-ഷമ്രാനിയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ‘ഞാന്‍ തിന്മയ്ക്കെതിരാണ്, അമേരിക്ക മൊത്തത്തില്‍ ഒരു തിന്മയുടെ രാജ്യമായി മാറിയിരിക്കുന്നു’ – ട്വിറ്ററില്‍ അയാളുടെ ഒരു പോസ്റ്റില്‍ എഴുതിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

‘അമേരിക്കക്കാരനായതിന് ഞാന്‍ നിങ്ങള്‍ക്ക് എതിരല്ല, നിങ്ങളുടെ സ്വാതന്ത്ര്യത്തെ ഞാന്‍ വെറുക്കുന്നില്ല, എന്നാല്‍ ഞാന്‍ നിങ്ങളെ വെറുക്കുന്നു, കാരണം നിങ്ങള്‍ മുസ്ലീങ്ങള്‍ക്കെതിരെ മാത്രമല്ല, മനുഷ്യരാശിക്കെതിരെയും എല്ലാ ദിവസവും പിന്തുണയ്ക്കുകയും ധനസഹായം നല്‍കുകയും കുറ്റകൃത്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നു,’ ട്വിറ്ററില്‍ അക്രമിയുടെ കുറിപ്പില്‍ പറയുന്നു.

ഈ പോസ്റ്റ് യഥാര്‍ത്ഥത്തില്‍ വെടിവെച്ച ആള്‍ തന്നെ എഴുതിയതാണോ എന്ന് നിര്‍ണ്ണയിക്കാന്‍ അന്വേഷകര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേലിനുള്ള യുഎസ് പിന്തുണയെ അപലപിക്കുകയും അല്‍ക്വയ്ദയുടെ കൊല്ലപ്പെട്ട നേതാവ് ഒസാമ ബിന്‍ ലാദന്റെ ഒരു ഉദ്ധരണിയും ഉള്‍പ്പെടുത്തിയിട്ടുള്ള ട്വിറ്റര്‍ അക്കൗണ്ട് ഇതിനോടകം സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

‘വെടിവെയ്പില്‍ ഇരകളായവരെ സൗദി അറേബ്യന്‍ സര്‍ക്കാര്‍ കാര്യമായി പരിഗണിക്കണം. കാരണം, അക്രമം നടത്തിയത് അവരുടെ പൗരന്മാരിലൊരാളാണ്’ കമാന്‍ഡിംഗ് ഓഫീസര്‍ ക്യാപ്റ്റന്‍ തിമോത്തി കിന്‍സെല്ല പറഞ്ഞു. വെടിവയ്പ്പ് നടത്തിയത് ഒരു വ്യോമയാന പരിശീലകനാണ്, നേവല്‍ ബേസിലെ ‘നൂറു കണക്കിന്’ വിദേശ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെടിവയ്പിനെത്തുടര്‍ന്ന് ആറ് സൗദികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ മൂന്നുപേര്‍ മുഴുവന്‍ ആക്രമണവും ചിത്രീകരിച്ചതായി ന്യൂയോര്‍ക്ക് ടെംസ് റിപ്പോര്‍ട്ട് ചെയ്തു.

പ്രാദേശികമായി വാങ്ങിയ വിപുലീകൃത വെടിയുണ്ടകളുള്ള ഗ്ലോക്ക് 9 എംഎം ഹാന്‍ഡ് ഗണ്‍ ഉപയോഗിച്ചാണ് തോക്കുധാരി ആക്രമണം നടത്തിയത്. കൂടാതെ ഷൂട്ടറുടെ കൈവശം ധാരാളം വെടിയുണ്ടകളും ഉണ്ടായിരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ വെടിവെയ്പ്പിനെ സൗദി രാജാവ് അപലപിച്ചു. യു എസ് നാവിക താവളത്തില്‍ വെടിവയ്പ്പ് നടത്തിയത് ‘ഭയാനകമാണെന്ന്’ സല്‍മാന്‍ രാജാവ് പ്രസിഡന്റ് ട്രം‌പിനെ ഫോണിലൂടെ അറിയിച്ചു.

പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായുള്ള സംഭാഷണത്തില്‍, ഫ്ലോറിഡയിലെ വെടിവയ്പില്‍ രാജാവ് കടുത്ത ദുഃഖം പ്രകടിപ്പിക്കുകയും അമേരിക്കന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി പൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തതായി സൗദി പ്രസ് ഏജന്‍സി അറിയിച്ചു. ഈ ഗുരുതരമായ കുറ്റകൃത്യം ചെയ്തയാള്‍ സൗദി ജനതയെ പ്രതിനിധീകരിക്കുന്നില്ലെന്ന് രാജാവ് സ്ഥിരീകരിച്ചതായി സൗദി പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഈ നിര്‍ഭാഗ്യകരമായ സംഭവത്തിന് പിന്നിലെ സാഹചര്യങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ കണ്ടെത്താന്‍ അമേരിക്കന്‍ ഏജന്‍സികളുമായി സഹകരിക്കാന്‍ സൗദി സെക്യൂരിറ്റി സര്‍‌വ്വീസസിനോട് രാജാവ് ഉത്തരവിടുകയും അമേരിക്കയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

തീവ്ര യാഥാസ്ഥിതിക ഇസ്ലാമിക സാമ്രാജ്യമായ സൗദി അറേബ്യയെ ആധുനികവത്കരിക്കാന്‍ ആഗ്രഹിക്കുന്ന, സൗദിയുടെ യഥാര്‍ത്ഥ ഭരണാധികാരി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തീവ്രവാദ പ്രത്യയശാസ്ത്രത്തിന്‍റെ കയറ്റുമതിക്കാരനെന്ന ദുഷ്പേര് ഇല്ലാതാക്കാന്‍ ശ്രമിച്ചുവരികയായിരുന്നു.

2001 സെപ്റ്റംബര്‍ 11-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ട 19 പേരില്‍ 15 പേരും സൗദി പൗരന്മാരായിരുന്നു. അവരില്‍ ചിലര്‍ ഫ്ലോറിഡയിലെ ഫ്ലൈറ്റ് സ്കൂളില്‍ ചേര്‍ന്ന് പരിശീലനം നേടിയവരുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button