കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം പുതിയ തലങ്ങളിലേക്ക്. നിയമസഭാ സന്ദര്‍ശനത്തിനെത്തിയ ഗവര്‍ണര്‍ ജഗദീപ് ധന്‍കറിന് അടച്ചിട്ട ഗേറ്റിനു മുന്നില്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ടി വന്നു! രാവിലെ ഗവര്‍ണര്‍ നിയമസഭയിലേക്കെത്തിയപ്പോള്‍ പ്രധാനപ്പെട്ട ഗേറ്റുകളെല്ലാം അടച്ചിട്ട നിലയിലായിരുന്നു. പ്രോട്ടോക്കോള്‍ അനുസരിച്ചും നേരത്തെ നിശ്‌ചിയിച്ചുറപ്പിച്ചുമാണു താന്‍ സന്ദര്‍ശനത്തിനെത്തിയത്. പിന്നെ എന്ത് കൊണ്ടാണ് ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
സഭചേരുന്നതു രണ്ടു ദിവസത്തേക്കു മാറ്റിവെച്ചെന്നു കരുതി അസംബ്ലിയുടെ ഗെയ്‌റ്റുകള്‍ അടച്ചിടണമെന്നില്ല. ലജ്‌ജാകരമായ നടപടിയാണിത്. ജനാധിപത്യത്തില്‍ ഇതുപോലെ പ്രവര്‍ത്തിക്കാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.വി.ഐ.പികള്‍ പ്രവേശിക്കുന്ന മൂന്നാം നമ്പര്‍ ഗെയ്‌റ്റിന് മുമ്പിലായി അദ്ദേഹം ഏറെ നേരം നിലയുറപ്പച്ചിട്ടും ആരും ഗെയ്‌റ്റ് തുറന്നില്ല. തുടര്‍ന്നു സാധാരണക്കാരും മാധ്യമ പ്രവര്‍ത്തകരും കടന്നു പോകുന്ന നാലാം നമ്പര്‍ ഗേറ്റിലൂടെയാണ് ഗവര്‍ണര്‍ അകത്തു കടന്നത്.സ്‌പീക്കര്‍ തന്നെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിരുന്നു.
അവസാന നിമിഷം അതു റദ്ദാക്കി. ഇത് അപമാനിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ചരിത്രപരമായ കെട്ടിടവും അതിനകത്തുള്ള ലൈബ്രറിയും കാണുക എന്ന ലക്ഷ്യം മാത്രമാണ് തന്റെ സന്ദര്‍ശനത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രാധന ബില്ലുകളില്‍ ഗവര്‍ണറുടെ അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന് പശ്‌ചിമ ബംഗാള്‍ നിയമസഭ രണ്ടു ദിവസത്തേക്ക് മാറ്റിവെക്കുകയാണെന്നു സ്‌പീക്കര്‍ ബിമന്‍ ബാനര്‍ജി ചൊവ്വാഴ്‌ച അറിയിച്ചിരുന്നു.
ധന്‍കര്‍ ഗവര്‍ണാറായി ചുമതലയേറ്റെടുത്ത ശേഷം സംസ്‌ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്‌ഥരാരും അദ്ദേഹത്തെ ഇതുവരെ കാണാനെത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത യൂണിവേഴ്‌സ്‌റ്റി സന്ദര്‍ശിക്കാനായി ഗവര്‍ണര്‍ എത്തിയപ്പോള്‍ വൈസ് ചാന്‍സിലര്‍ സോണാലി ചക്രവര്‍ത്തിയുടെ അഭാവവും ശ്രദ്ധേയമായിരുന്നു.
Post Your Comments