KeralaLatest NewsNews

തിരുവനന്തപുരത്ത് പട്ടിണി മൂലം മണ്ണു തിന്ന സംഭവം ഹൃദയഭേദകം : കുമ്മനം രാജശേഖരൻ

തിരുവനന്തപുരം• തിരുവനന്തപുരത്ത് പട്ടിണി മൂലം മണ്ണു തിന്ന സംഭവം ഹൃദയഭേദകമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ.

കുഞ്ഞുങ്ങള്‍ മണ്ണ് വാരിത്തിന്ന സംഭവം ഹൃദയഭേദകമാണ്. കേരളം എല്ലാ മേഖലയിലും ഒന്നാം നമ്പറാണെന്ന് പ്രചരിപ്പിക്കുകയും വീമ്പിളക്കുകയും ചെയ്യുന്നവരുടെ മുഖത്തേറ്റ അടിയാണ് ഇത്. പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണം എങ്കിലും ഉറപ്പാക്കാന്‍ പറ്റാത്ത ഭരണാധികാരികള്‍ നാടിന് അപമാനമാണ്. അട്ടപ്പാടി മേഖലയിലെ സാമൂഹ്യ നിലവാരം സൊമാലിയയുടേതിന് തുല്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയപ്പോള്‍ ഉറഞ്ഞു തുള്ളിയവര്‍ ഇപ്പോള്‍ എന്ത് പറയുന്നു എന്ന് അറിയാന്‍ താത്പര്യമുണ്ട്. അട്ടപ്പാടിയിലല്ല, മുഖ്യമന്ത്രി വാണരുളുന്ന സെക്രട്ടറിയേറ്റിന്റെ മൂക്കിന് താഴെയാണ് ഈ സംഭവം നടന്നത്. കേരളം ഒന്നാം നമ്പറാണെന്ന് പ്രചരിപ്പിക്കാന്‍ ചെലവഴിച്ച പണത്തിന്റെ ഒരംശം പോലും ഈ കുഞ്ഞുങ്ങളുടെ വിശപ്പടക്കാന്‍ വേണ്ടിവരില്ല.

എല്ലാവര്‍ക്കും ഭക്ഷണവും എല്ലാവര്‍ക്കും വീടും എന്ന സ്വപ്നം യാതാര്‍ത്ഥ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ കോടികള്‍ എവിടെയാണ് ചെലവഴിക്കുന്നത്. ?

ലൈഫ് പദ്ധതിയിലൂടെ എല്ലാവര്‍ക്കും വീട് എത്തിച്ചെന്ന് വീമ്പു പറഞ്ഞ സര്‍ക്കാര്‍ നഗരമദ്ധ്യത്തിലുള്ള ഈ കുടുംബത്തെ അവഗണിച്ചത് എന്തു കൊണ്ടാണ്?. ആശാവര്‍ക്കര്‍മാരും സാമൂഹ്യ സുരക്ഷാ ജീവനക്കാരും അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ കുടുംബത്തെ കാണാതെ പോയതിന് ആരാണ് ഉത്തരവാദി ?

ഇടത് പക്ഷക്കാര്‍ക്ക് മാത്രമേ സര്‍ക്കാര്‍ സേവനങ്ങള്‍ കിട്ടുകയുള്ളൂ എന്ന സാഹചര്യമാണ് കേരളത്തില് ഇന്നുള്ളത്.

സിപിഎമ്മിന്റെ ഈ മാടമ്പി സ്വഭാവത്തിന്റെ ഇരയാണ് പിഞ്ചു കുഞ്ഞുങ്ങള്‍ അടങ്ങിയ ഈ കുടുംബം. കൊടിയുടെ നിറം നോക്കാതെ കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന പണമെങ്കിലും അഗതികളുടെ ഉന്നമനത്തിനായി വിനിയോഗിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകമെന്ന് കുമ്മനം രാജശേഖരൻ പ്രസ്താവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button