തിരുവനന്തപുരം: പാമ്പ് കടിച്ച് രണ്ട് മിനിറ്റിനുള്ളില്‍ ഏതിനം പാമ്പാണ് കടിച്ചതെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന സ്ട്രിപ് വരുന്നു. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയാണ് ഇതിന് പിന്നില്‍. ഒരു തുള്ളി രക്തം പരിശോധിച്ച് രണ്ട് മിനിറ്റിനുള്ളില്‍ വിഷമേതെന്നു സ്ഥിരീകരിക്കാന്‍ സ്ട്രിപ് ഉപയോഗിക്കുന്നതുവഴി സാധിക്കും.
ഗര്‍ഭം സ്ഥിരീകരിക്കാന്‍ ഉപയോഗിക്കുന്ന സ്ട്രിപ്പിനു സമാനമാണ് ഇവയും. അഞ്ചു വരകളുള്ള സ്ട്രിപ്പില്‍ ആദ്യ വര സ്ട്രിപ് കണ്‍ട്രോള്‍ യൂണിറ്റാണ്. മറ്റ് നാല് വരകള്‍ ഓരോ പാമ്പിന്റെയും വിഷം സൂചിപ്പിക്കുന്നവയാണ്. മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, അണലി, രക്തമണ്ഡലി എന്നീ പാമ്പുകളുടെ വിഷമാണ് സ്ട്രിപ് ഉപയോഗിച്ച് തിരിച്ചറിയാനാകുക.
പാമ്പ് കടിയേറ്റ മുറിവില്‍ നിന്നുള്ള ഒരു തുള്ളി രക്തമോ ആ ഭാഗത്തുനിന്നുള്ള സ്രവമോ സ്ട്രിപ്പില്‍ ഇറ്റിച്ചാല്‍ ഏതിനം പാമ്പിന്റെ വിഷമാണോ ശരീരത്തില്‍ പ്രവേശിച്ചത് ആ പേരിനു നേരെയുള്ള വര തെളിയും. പത്തു മിനിറ്റിനുശേഷവും വരകളൊന്നും തെളിഞ്ഞില്ലെങ്കില്‍ വിഷം ശരീരത്തിലെത്തിയിട്ടില്ലെന്നാണ്. പാമ്പ് ഏതിനമാണെന്നു തിരിച്ചറിഞ്ഞാല്‍ അതിനുമാത്രമായുള്ള മരുന്ന് (മോണോവാലന്റ്) നല്‍കാനാകുമെന്നതാണ് സ്ട്രിപ്പിന്റെ സവിശേഷത. എല്ലാത്തരം പാമ്ബുകളുടെ വിഷത്തിനുമെതിരേ പ്രവര്‍ത്തിക്കുന്ന മരുന്ന് (പോളിവാലന്റ്) നല്‍കുമ്‌ബോള്‍ വൃക്കതകരാര്‍ ഉള്‍പ്പെടെയുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഡിസംബര്‍ ആദ്യവാരത്തോടെ ഈ കണ്ടുപിടുത്തം കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിനു കൈമാറും. ലബോറട്ടറി മെഡിസിന്‍ ആന്‍ഡ് മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക്‌സ് ശാസ്ത്രജ്ഞന്‍ ആര്‍. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതു വികസിപ്പിച്ചത്.
Post Your Comments