കോട്ടയം: ശബരിമലയിൽ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങിയതോടെ എരുമേലിയിൽ പേട്ട തുള്ളലിന് എത്തുന്ന അയ്യപ്പ ഭക്തരുടെ എണ്ണത്തിലും വൻ വർധനവ്. എല്ലാ തവണത്തേയും പോലെ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ഈ പ്രാവശ്യവും കൂടുതൽ പേർ പേട്ട തുള്ളലിന് എത്തുന്നത്. ഭക്തരുടെ എണ്ണം കൂടിയതോടെ ക്ഷേത്രങ്ങളിലെ കാണിക്ക വരുമാനത്തിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പം എരുമേലിയിലെ കടകളിലെ കച്ചവടവും വർധിച്ചു.
അയ്യപ്പഭക്തരുടെ എണ്ണത്തിലെ വൻ കുറവ് കാരണം കഴിഞ്ഞ വർഷം കച്ചവടം നടത്തിയ നിരവധി പേർക്ക് ലക്ഷങ്ങളുടെ നഷ്ടം നേരിടേണ്ടി വന്നിരുന്നു. സ്ഥിതിയിൽ മാറ്റം വന്നതോടെ കഴിഞ്ഞ തവണയുണ്ടായ ഭീമമായ നഷ്ടം ഈ മണ്ഡലകാലത്ത് നികത്താമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. ഏതായാലും വരും ദിവസങ്ങളിലും ഭക്തരുടെ എണ്ണത്തിലെ വർധനവ് തുടർന്നാൽ മണ്ഡലകാലത്തിന്റെ പഴയ പ്രതാപത്തിലേക്ക് എരുമേലി മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്.
ALSO READ: ശബരിമല ദർശനം: വീടിനു പുറത്ത് പോസ്റ്റർ, തൃപ്തി ദേശായിക്ക് വധ ഭീഷണി
കുളിച്ച് ചായം പുരട്ടി ശാസ്താവിനെയും വാവര് സ്വാമിയെയും വന്ദിച്ചാണ് ഭക്തർ പേട്ട തുള്ളൽ ആരംഭിക്കുന്നത്. തുടർന്ന് 50 കിലോമീറ്ററോളം നടന്നാണ് ഭക്തർ സന്നിധാനത്ത് എത്തുന്നത്. ഇതിനായി ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്ന സജ്ജീകരണങ്ങളിൽ സംതൃപ്തരാണെന്ന് ഭക്തർ വ്യക്തമാക്കുന്നു.
Post Your Comments