ശബരിമല: ശബരിമല വരുമാനത്തിൽ വൻ കുതിപ്പ്. തീർത്ഥാടനം 12 ദിവസങ്ങള്‍ പിന്നിടുമ്പോൾ വരുമാനം 39 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ഇരട്ടി വരുമാനവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നടതുറന്ന് 12 ദിവസത്തിനിടെ എട്ട് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ശബരിമല ദര്‍ശനം നടത്തിയെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കണക്കുകള്‍.
ആദ്യ രണ്ടാഴ്ചയിലെ വരുമാനം 39.68 കോടി രൂപയാണ്. കഴിഞ്ഞതവണ ഇതേസമയത്ത് 21 കോടി മാത്രമായിരുന്നു. സംഘര്‍ഷഭരിതമായിരുന്ന കഴിഞ്ഞ തീര്‍ത്ഥാടന കാലത്തെ അപേക്ഷിച്ച് കൂടുതല്‍ തീര്‍ത്ഥാടകര്‍ ഇത്തവണ മല ചവിട്ടുന്നുണ്ട്. ഇത് വഴിപാടിലും നടവരവിലുമുള്‍പ്പെടെയുള്ള വര്‍ധനവിലും പ്രകടമാണ്. ആദ്യ രണ്ടാഴ്ചയിലെ വരുമാനത്തില്‍ 15.47 കോടി രൂപ അരവണയിലൂടെയും 2.5 കോടി രൂപ അപ്പം വില്‍പ്പനയിലൂടെയും ലഭിച്ചു. കാണിക്ക ഇനത്തില്‍ 13.76 കോടിയാണ് ലഭിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ എട്ടുകോടി രൂപ അധികമായി ഇത്തവണ കാണിക്ക ഇനത്തില്‍ ആദ്യ രണ്ടാഴ്ചക്കിടെ ലഭിച്ചു.
അതേസമയം, സംഘര്‍ഷരഹിതമായി ഭക്തര്‍ സുഗമമായി മലകയറുമ്പോഴും സന്നിധാനത്തെ പോലീസും ദേവസ്വം ബോര്‍ഡും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നു. ദര്‍ശനത്തിനേര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളെ ചൊല്ലിയായിരുന്നു തര്‍ക്കം. വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് തങ്ങളുടെ അതൃപ്തി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
Post Your Comments