മുംബൈ : മഹാരാഷ്ട്രയില്‍ അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്നതായി പ്രഖ്യാപിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്ട്രയിൽ കുതിരക്കച്ചവടത്തിനില്ലെന്നും ഭൂരിപക്ഷമില്ലാത്തതിനാൽ രാജി വെക്കുന്നുവെന്നും, തങ്ങൾ ജനങ്ങളുടെ ശബ്ദമായി പ്രതിപക്ഷത്തിരിക്കുമെന്നും വാർത്ത സമ്മേളനത്തിൽ ഫഡ്‌നാവിസ് പറഞ്ഞു. നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ്, സത്യപ്രതിജ്ഞ ചെയ്തു നാലാം ദിവസം രാജി പ്രഖ്യാപനം നടത്തിയത്.
Devendra Fadnavis announces his resignation as Maharashtra's chief minister, hours after the Supreme Court ordered a floor test in the state assembly
Read @ANI story | https://t.co/xkFEmMGKCo pic.twitter.com/n9wlvebkb5
— ANI Digital (@ani_digital) November 26, 2019
ശിവസേനയെ ഫഡ്‌നാവിസ് രൂക്ഷമായി വിമർശിച്ചു. ജനങ്ങൾ ബിജെപിക്ക് അനുകൂലമായ വിധി തന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപിയെ ആണ് തിരഞ്ഞെടുത്തത്. ഫലം വന്നതിന് പിന്നാലെ ശിവസേന വിലപേശൽ ആരംഭിച്ചു. കൊടുക്കാമെന്ന് പറഞ്ഞതെല്ലാം ഞങ്ങൾ നൽകുമായിരുന്നു. പക്ഷെ വാക്ക് നൽകാത്ത കാര്യത്തിനായി ശിവസേന വിലപേശി, അതാണ് സഖ്യം തകരാൻ കാരണം. ബിജെപിയെ മാറ്റിനിർത്തുകയാണ് ത്രികക്ഷി സഖ്യത്തിന്റെ പൊതുമിനിമം പരിപാടി. സ്ഥിരതയുള്ള സർക്കാരല്ല മഹാരാഷ്ട്രയിൽ ഇനി അധികാരത്തിലെത്തുക. പരസ്പരം ചേരാത്ത മൂന്ന് പാർട്ടികളാണ് സർക്കാർ രൂപീകരണത്തിനായി കൈകോർക്കുന്നതെന്ന് സ്ഥിരതയുള്ള സർക്കാരുണ്ടാക്കാൻ ത്രികക്ഷി സഖ്യത്തിന് സാധിക്കില്ല. അധികാരക്കൊതി മൂത്താണ് ശിവസേന സോണിയയുമായി സഹകരിക്കുന്നത്. ഹിന്ദുത്വ ആശയത്തെ ശിവസേന, സോണിയയുടെ കാൽക്കൽ വച്ചു. മൂന്ന് വശത്തേക്ക് പോവുന്ന ചക്രങ്ങളുള്ള മുച്ചക്ര വാഹനം പോലെയാവും ത്രികക്ഷി സർക്കാരെന്നും ഫഡ്നാവിസ് വിമർശിച്ചു.
Also read :അജിത് പവാര്‍ രാജി നല്‍കി: ഫഡ്നാവിസും രാജി വച്ചേക്കും
മഹാരാഷ്ട്രയില്‍ സർക്കാരുണ്ടാക്കാൻ എന്‍സിപിയും ശിവസേനയും കോണ്‍ഗ്രസും ചേര്‍ന്ന് ത്രികക്ഷി സഖ്യം രൂപീകരിച്ചിരുന്നു. 162 എംഎല്‍എമാരുടെ പിന്തുണയാണ് സഖ്യത്തിനുള്ളത്. 145 എംഎല്‍എഎമാരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്. എന്നാൽ അപ്രതീക്ഷിത നീക്കത്തിലൂടെ മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തും ഉടന്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടും കോടതിയെ സമീപിച്ചത്. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി നിർണായക ഉത്തരവിട്ടത്. പ്രോടൈം സ്പീക്കറുടെ അദ്ധ്യക്ഷതയിൽ നാളെ വൈകിട്ട് അഞ്ചു മണിക്ക് മുൻപ് വിശ്വാസ വോട്ട് തേടണം. രഹസ്യ ബാലറ്റ് പാടില്ല. നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണം എന്നിവയാണ് വിധിയിലെ ഉപാധികൾ. ജസ്റ്റിസുമാരായ എന്‍.വി. രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
Post Your Comments