വയനാട്: സ്‌കൂളില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തെ തുടര്‍ന്ന് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും ഉടന്‍ വൃത്തിയാക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഇതോടൊപ്പം സ്‌കൂളുകളുടെ സുരക്ഷ പരിശോധിക്കാനും ഉത്തരവിലുണ്ട്. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ് വയനാട് കളക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പാമ്പ് കടിയേറ്റാല്‍ എന്ത് ചെയ്യണം എന്നതില്‍ പരിശീലനം നല്‍കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കി.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും പരിശീലനം നല്‍കണം. ഇതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേതൃത്വം നല്‍കണം. പരിശീലനം അവഗണിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ വയനാട്ടിലെ മുഴുവന്‍ സ്‌കൂളുകളും പരിസരവും ഉടന്‍ വൃത്തിയാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറും ഉത്തരവിട്ടു.
അടിയന്തര സാഹചര്യത്തില്‍ ഇടപെടുന്നതില്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്നും ജാഗ്രതക്കുറവ് തുടര്‍ന്നാല്‍ നടപടിയുണ്ടാകുമെന്നും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. ക്ലാസ് മുറികള്‍ പ്രധാന അധ്യാപകന്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണം. പിടിഎയ്ക്കും പരിശോധനയുടെ ചുമതലയുണ്ടായിരിക്കും.
ക്ലാസ് മുറിയില്‍ ചെരുപ്പിടുന്നത് വിലക്കരുത്. ശുചിമുറിയും പരിസരത്തെ വഴിയും ഉടന്‍ വൃത്തിയാക്കണം. എല്ലാമാസവും പരിശോധന തുടരണമെന്നും ഉത്തരവില്‍ പറയുന്നു. കളിസ്ഥലങ്ങളില്‍ അടക്കം വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണം. നിര്‍ദേശം പാലിക്കാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും വയനാട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും കൈമാറിയ ഉത്തരവില്‍ അറിയിച്ചു.
Post Your Comments