KeralaLatest News

അപകടത്തെച്ചൊല്ലി തർക്കം നീണ്ടു, പരിക്കേറ്റ വിദ്യാർഥിക്ക്‌ അടിയന്തരചികിത്സ നൽകിയില്ല, രക്തംവാർന്ന് യുവാവിന് ദാരുണാന്ത്യം

പാപ്പിനിശ്ശേരി: അപകടത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ അടിയന്തര ചികിത്സ ലഭ്യമാകുമായിരുന്ന സാമൂഹികാരോഗ്യകേന്ദ്രത്തിന്‌ തൊട്ടരികിൽ സ്കൂട്ടർ യാത്രക്കാരനായ പോളിടെക്നിക്‌ വിദ്യാർഥിക്ക്‌ ദാരുണാന്ത്യം. അപകടത്തിന് ശേഷം കാൽമണിക്കൂറോളം തർക്കം നടക്കുമ്പോൾ തലയിൽനിന്ന്‌ രക്തം വാർന്ന് ദേശീയപാതയോരത്ത്‌ അവന്റെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. കോളേജിന് ഒന്നര കിലോമീറ്റർ അകലെ വേളാപുരത്തേക്ക് സർവീസ് റോഡിലേക്ക് കയറുന്നതിനിടെ പാപ്പിനിശ്ശേരി എൽ.പി. സ്കൂളിന് സമീപം വ്യാഴാഴ്ച രാവിലെ 9.15-നാണ്‌ സംഭവം.

കല്യാശ്ശേരി മോഡൽ പോളിടെക്നിക്‌ കോളേജിലെ ബയോമെഡിക്കൽ എൻജിനിയറിങ്‌ ഒന്നാംവർഷ വിദ്യാർഥി കൊളച്ചേരി ചേലേരിയിലെ പി.ആകാശ് (20) ആണ് മരിച്ചത്. ജീവൻ രക്ഷിക്കാനുള്ള നിർണായകസമയമാണ് (സുവർണ നിമിഷങ്ങൾ) തർക്കത്തിനിടെ നഷ്ടമായത്. ബസിടിച്ചല്ല മരണമെന്ന ബസ് ജീവനക്കാരുടെ നിലപാടാണ് സ്ഥലത്തുണ്ടായവരുമായി തർക്കത്തിനിടയാക്കിയത്. ഇതിനിടെ ആകാശിന്റെ കാര്യം ആരും ശ്രദ്ധിച്ചില്ല. 15 മിനുട്ടോളം റോഡിൽ കിടന്നശേഷമാണ് ആകാശിനെ വഴിയാത്രക്കാർ ചേർന്ന് സമീപത്തെ പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.

തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമായത്. പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്‌.ആർ.ടി.സി. ബസിടിച്ചാണ് അപകടം. ബസ്‌ ഡ്രൈവറെ വളപട്ടണം പോലീസ്‌ അറസ്റ്റ്‌ ചെയ്ത്‌ ജാമ്യത്തിൽ വിട്ടു. കൊളച്ചേരി വളവിൽ ചേലേരി തെക്കേക്കരയിൽ ആകാശ് വിഹാറിലെ പരേതനായ എം.കെ.മധുസൂദനന്റെ മകനാണ്. അമ്മ: പി.സവിത. വെള്ളിയാഴ്ച രാവിലെ 9.30-ന് പോളിടെക്നിക്‌ കോളേജിൽ പൊതുദർശനത്തിനുശേഷം 10.30-ന് വീട്ടിലെത്തിക്കും. സംസ്കാരം 11.30-ന് കണ്ണാടിപ്പറമ്പ്‌ പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button