തിരുവനന്തപുരം : വാളയാർ കേസിൽ ജൂഡിഷല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മുന്‍ ജില്ലാ ജഡ്ജി എസ്. ഹനീഫ അധ്യക്ഷനായ സമിതിയായിരിക്കും കേസ് അന്വേഷണം നടത്തുക. പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകള്‍ കമ്മീഷന് പരിശോധിക്കും. പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന സംബന്ധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കും. അന്വേഷണ കാലയളവടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ലെന്നാണ് റിപ്പോർട്ട്. നേരത്തെ പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ വാളയാര്‍ കേസില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രതികളെ വെറുതെവിട്ട പോക്സോ കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീൽ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇതോടെ കേസില്‍ വിചാരണ കോടതി വെറുതെ വിട്ട നാല് പ്രതികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയക്കും. പ്രതികളെ വെറുതെവിട്ട നടപടി പുനഃപരിശോധിക്കണമെന്നും, കേസ് അന്വേഷണത്തിലും പ്രോസിക്യൂഷന്‍ നടപടിയിലും ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും കേസില്‍ തുടരന്വേഷണവും പുനര്‍ വിചാരണയും വേണമെന്നുമാണ് ഹർജിയിൽ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറയിച്ചിട്ടുണ്ട്. കേസില്‍ പുനര്‍ വിചാരണ ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേസിൽ വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടർ ലത ജയരാജിനെ പുറത്താക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ അറിയിച്ചിരുന്നു. വീഴ്ച വരുത്തിയ എല്ലാ ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും, പോലീസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാളയാര്‍ കേസില്‍ ആരോപണ വിധേയനായ പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍മാനെ നേരത്തെ മാറ്റിയിരുന്നു.
Post Your Comments