ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 2 ദൗത്യം സാങ്കേതികമായി വിജയിച്ചെന്നും അടുത്ത ദൗത്യം മൂന്നിന്റെ ചെലവ് വീണ്ടും കുറയ്ക്കുമെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്. ചന്ദ്രയാന്‍ 2 ന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഹാര്‍ഡ് ലാന്‍ഡ് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. ലാന്‍ഡിംഗിന്റെ രണ്ടാംഘട്ടത്തില്‍ പേടകത്തിന്റെ വേഗത നിര്‍ണയിക്കപ്പെട്ടതിലും കൂടുതലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകസഭയിലെ ഒരു ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ലാന്‍ഡിംഗിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി അദ്ദേഹം സ്ഥിരീകരിച്ചു. വിക്രം ലാന്‍ഡറിന്റെ ലാന്‍ഡിംഗ് സമയത്തെ വേഗത പ്രതീക്ഷിച്ചത് പോലെ നിയന്ത്രിക്കാനാകാത്തതിനാലാണ് സോഫ്റ്റ് ലാന്‍ഡിംഗ് ശ്രമം പാളിയത്. ചന്ദ്രോപരിതലത്തില്‍ നിന്നും 30 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും 7.4 കിലോമീറ്റര്‍ ഉയരം വരെ വിക്രമിനെ എത്തിക്കുന്ന റഫ് ബ്രേക്കിംഗ് എന്ന ലാന്‍ഡിംഗിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും രണ്ടാംഘട്ടത്തില്‍ പ്രശ്‌നം ഉണ്ടായി.
ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ വിജയകരമായി പ്രവേശിപ്പിച്ചു. ഓര്‍ബിറ്റര്‍ ഇപ്പോഴും ദൗത്യം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദ്ദിഷ്ട ലാന്‍ഡിംഗ് സൈറ്റിന്റെ 500 മീറ്റര്‍ ചുറ്റളവിലാണ് വിക്രം ഹാര്‍ഡ് ലാന്‍ഡ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. താല്‍ക്കാലികമായ തിരിച്ചടി ഇന്ത്യയില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള ഇന്ത്യയുടെ ആഗ്രഹത്തെ ബലപ്പെടുത്തി. അടുത്ത ശ്രമം മികച്ചതാക്കാനുള്ള ഊര്‍ജമാണ് ചന്ദ്രയാന്‍ 2 ല്‍ നിന്നും ലഭിച്ചത്. അദ്ദേഹം വ്യക്തമാക്കി.
Post Your Comments