കോട്ടയം: അവധി ദിനത്തിലും ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അഭിനന്ദന കത്ത്. പൊതു താത്പര്യ സംഘടനയുടെ മാനേജിംഗ് ട്രസ്റ്റിയാണ് സുരേഷ് ഗോപിയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് കത്തെഴുതിയിരിക്കുന്നത്. വാട്‌സ്ആപ്പ് വഴി പരാതി അറിയിച്ച് 48 മണിക്കൂറിനുള്ളില്‍ സുരേഷ് ഗോപി പരിഹാരം കണ്ടെത്തിയതായി സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്റെ മാനേജിംഗ് ട്രസ്റ്റി ജയിംസ് വടക്കന്‍ പറഞ്ഞു.
36 വര്‍ഷമായി ജയിംസ് വടക്കന്‍ പൊതു പ്രവര്‍ത്തന രംഗത്ത് സജീവമാണ്. മൂന്നര പതിറ്റാണ്ടിനിടെ ആദ്യ അനുഭവമാണിതെന്നും അദ്ദേഹം നന്ദി പറഞ്ഞുകൊണ്ട് സുരേഷ് ഗോപിക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. അടുത്തിടെയാണ് ജയിംസിന്റെ മരുമകന്‍ കോട്ടയം പാലയിലെ കടപ്പാട്ടൂരിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പില്‍ നിന്ന് ഡീസലടിച്ചത്. എന്നാല്‍ പതിവില്‍ നിന്നും വിപരീതമായി കാറിലെ വാണിംഗ് ലൈറ്റുകള്‍ തെളിയുകയും ശബ്ദം വരികയും ചെയ്തിരുന്നു. ഡീസലില്‍ വെള്ളം കയറിയതായിരുന്നു കാരണം. തുടര്‍ന്ന് ഡീസല്‍ ഊറ്റി കളഞ്ഞ് ടാങ്ക് വൃത്തിയാക്കി.
ഡീസല്‍ വിലയായ 3,394 രൂപയും ടാങ്ക് വൃത്തിയാക്കി പൂര്‍വ സ്ഥിതിയിലാക്കിയതിന് 6,500 രൂപയുമടക്കം 9,894 രൂപ ചെലവായെന്നും ജയിംസ് പറയുന്നു. ഇക്കാര്യം പമ്പ് ജീവനക്കാരെ അറിയിക്കാനായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ആരും ഫോണെടുത്തില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിനെ ഈ വിവരമറിയിക്കുന്നത്.
മണിക്കൂറുകള്‍ക്കകം പമ്പിലെ ഡീസല്‍ വില്‍പന നിര്‍ത്താനും പരിശോധനകള്‍ക്ക് ശേഷം മാത്രം ഡീസല്‍ വില്‍പന ആരംഭിച്ചാല്‍ മതിയെന്നും ഉത്തരവുണ്ടായതായി ജയിംസ് കുറിപ്പില്‍ പറയുന്നു. പിറ്റേന്ന്, ഞായറാഴ്ച ആയിരുന്നിട്ടും സുരേഷ് ഗോപിയുടെ ഓഫീസില്‍ നിന്ന് മറുപടി ലഭിച്ചു. തിങ്കാളാഴ്ച കാറുടമയുടെ അക്കൗണ്ടിലേക്ക് നഷ്ടമായ മുഴുവന്‍ തുകയും ഐ.ഒ.സി ഡീലര്‍ അയച്ചു നല്‍കി. 48 മണിക്കൂറിനുള്ളില്‍ പരാതി സമ്പൂര്‍ണമായി പരിഹരിച്ചതില്‍ സന്തോഷം പ്രകടിപ്പിക്കുന്നതായും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
Post Your Comments