ശബരിമല: മണ്ഡലകാല തീര്‍ഥാടന ക്രമീകരണങ്ങള്‍ വിലയിരുത്തി യുഡിഎഫ് പ്രതിനിധി സംഘം. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. തീര്‍ഥാടകര്‍ക്കായി വാഹനപാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്ന നിലയ്ക്കലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് സംഘം വിലയിരുത്തി. നിലയ്ക്കലില്‍ ഇറങ്ങുന്ന തീര്‍ഥാടകരെ കെഎസ്ആര്‍ടിസി ചൂഷണം ചെയ്യുകയാണെന്നും ഭക്തരുടെ താത്പര്യങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടില്ലെന്നും എംഎല്‍എമാര്‍ പറഞ്ഞു.
Read also: ശബരിമല: ഏകോപനം ശക്തമാക്കാന്‍ തീരുമാനം
മണ്ഡലകാലം ആരംഭിക്കുന്നതിനു തൊട്ടുമുൻപ് തുടങ്ങിവച്ച പല പ്രവൃത്തികളും അസൗകര്യങ്ങള്ക്കിടയാക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യമില്ല, നടപ്പന്തലുകള്‍ ചോര്‍ന്നൊലിക്കുന്നു, ശൗചാലയങ്ങള്‍ ഇല്ലെന്നും പമ്പയിലെ ടൊയ്ലറ്റ് ബ്ലോക്കുകള്‍ക്ക് മുന്നില്‍ വെള്ളം കെട്ടിനില്ക്കുന്നുവെന്നും സംഘം വ്യക്തമാക്കി. പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
Post Your Comments