ചെന്നൈ: ചെന്നൈ ഐഐടിയിൽ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ മൂന്ന് അധ്യാപകരെ ചോദ്യം ചെയ്തു. സുദർശൻ പദ്മനാഭൻ, മിലിന്ദ് ബ്രഹ്മെ, ഹേമചന്ദ്രൻ കര എന്നിവരെയാണ് ചോദ്യം ചെയ്തത്. ഇതിനിടെ ഫാത്തിമയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കാത്തതിനെതിരെ വിദ്യാർഥികൾ ഐഐടി കവാടത്തിൽ നിരാഹാരം തുടങ്ങി. അതേസമയം, അന്വേഷണ സംഘം ഫാത്തിമയുടെ കൊല്ലത്തെ വീട്ടിലെത്തി മാതാവിന്റെയും ഇരട്ട സഹോദരിയുടെയും മൊഴിയെടുക്കും. ഫാത്തിമയുടെ ഫോണിന്റെ ഫൊറൻസിക് ഫലം ലഭിച്ചശേഷമാകും ഇത്. ഫാത്തിമയുടെ ദുരൂഹ മരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിപക്ഷ ബഹളം നടന്നു.
ഇതേത്തുടർന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി യുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെടുക്കുമെന്ന കേന്ദ്ര മാനവശേഷി മന്ത്രി രമേശ് പൊക്രിയാൽ മറുപടി നൽകി. എൻ.കെ. പ്രേമചന്ദ്രൻ എം.പിയാണ് വിഷയം സഭയിൽ ഉന്നയിച്ചത്. കുറ്റക്കാരെ പൊലീസ് സംരക്ഷിക്കുകയാണെന്ന് കനിമൊഴിയും ആരോപിച്ചു.
Post Your Comments