ചെന്നൈ: ഒന്നാം വര്‍ഷ എം.എ. ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനി കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ഥനയുമായി മദ്രാസ് ഐ.ഐ.ടി. നീതി നടപ്പാക്കാന്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും പോലീസ് അന്വേഷണത്തോടു പൂര്‍ണമായി സഹകരിക്കുമെന്നും ഐ.ഐ.ടി. വ്യക്തമാക്കി.
‘ഭാവിയില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കേണ്ടിയിരുന്ന വിദ്യാര്‍ഥിനിയെ നഷ്ടമായതിന്റെ വേദനയും ദുഃഖവും അവസാനിച്ചിട്ടില്ല. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മാനസികവും ശാരീരികവുമായ ക്ഷേമം ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരും. പോലീസ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും. അന്വേഷണം പൂര്‍ത്തിയാകുംവരെ യാതൊരു തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത്”- ഐ.ഐ.ടി. പത്രക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.
അതെ സമയം ഫാത്തിമയ്ക്കു നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്. അടക്കമുള്ള വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഐ.ഐ.ടിയില്‍ പ്രതിഷേധം. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദിയായ അധ്യാപകനു ശിക്ഷയുറപ്പാക്കണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം.
കഴിഞ്ഞ 9നു ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചനിലയിലാണു ഫാത്തിമയെ കണ്ടെത്തിയത്.മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പു കണ്ടെത്തിയില്ലെങ്കിലും മൊബൈല്‍ ഫോണില്‍ മരണത്തിനു കാരണക്കാരന്‍ ഒരുഅധ്യാപകനാണെന്ന സന്ദേശമുണ്ടായിരുന്നു. ഇയാള്‍ക്കെതിരേ പോലീസ് നടപടി ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥികളടെ പ്രക്ഷോഭം.
Post Your Comments