ദുബായ്: ആഗോളതലത്തില്‍ നടക്കുന്ന മിസ്റ്റര്‍ ഓട്ടോ ഫ്രഞ്ച് സര്‍വേയിൽ ഡ്രൈവിങ് ശീലങ്ങളില്‍ മികച്ച നേട്ടങ്ങളുമായി ദുബായ്. ഗതാഗത സുരക്ഷ, ചെലവ് എന്നിവയില്‍ 100 നഗരങ്ങളെ അടിസ്ഥാനമാക്കിയുള്ള മിസ്റ്റര്‍ ഓട്ടോ ഫ്രഞ്ച് അധിഷ്ഠിത സര്‍വേ പ്രകാരമാണ് ദുബായ് മുന്‍പന്തിയിലെത്തിയത്. മള്‍ട്ടി-ലെയ്ന്‍ ഹൈവേകള്‍, കുറഞ്ഞ പെട്രോള്‍ വില, റോഡപകടങ്ങളിലെ കുറഞ്ഞ നിരക്ക് എന്നിവ ദുബായിയെ മുന്‍നിരയില്‍ എത്തിച്ചു. ഡ്രൈവിങ് ശീലങ്ങളില്‍ മികച്ച രണ്ടാമത്തെ നഗരമായി മാറിയിരിക്കുകയാണ് ദുബായ്. മംഗോളിയയിലെ ഉലാന്‍ബത്തറിലെ ഡ്രൈവര്‍മാരാണ് ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ ഉണ്ടാക്കിയതെന്ന് സര്‍വേ സൂചിപ്പിക്കുന്നു. ജപ്പാന്‍ ഒസാക്കയിലാണ് ഏറ്റവും കുറവ് അപകടങ്ങള്‍. കാനഡയിലെ കാല്‍ഗറിയാണ് ഡ്രൈവിങ് ശീലങ്ങളില്‍ ലോകത്തിലെ ഏറ്റവും മികച്ച നഗരം. ഒട്ടാവയും സ്വിറ്റ്‌സര്‍ലന്‍ഡിലെ ബെര്‍ണും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.
മിക്ക നഗരങ്ങളിലും ഇതിനകം തന്നെ അടിസ്ഥാന സൗകര്യങ്ങളും നിയമനിര്‍മാണവും നടപ്പാക്കുന്നുണ്ടെങ്കിലും ഡ്രൈവിങ് സുരക്ഷിതത്വത്തിന് ഇനിയും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് മിസ്റ്റര്‍ ഓട്ടോ മാനേജിങ് ഡയറക്ടര്‍ സെബാസ്റ്റ്യന്‍ റോഹാര്‍ട്ട് പറഞ്ഞു. ഒരു നഗരത്തിന്റെ ഘടന നിര്‍ണയിക്കാന്‍ ആളോഹരി കാറുകളുടെ എണ്ണം, ഗതാഗതക്കുരുക്ക്, റോഡ്, പൊതുഗതാഗത നിലവാരം എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങള്‍ പരിശോധിച്ചു.
ഡ്രൈവര്‍മാര്‍ക്കും പൗരന്‍മാര്‍ക്കും ഒരുപോലെ ശുദ്ധവായു ലഭിക്കുന്നുണ്ടോയെന്നും വായുവിന്റെ ഗുണനിലവാരവും പരിശോധിച്ചു. ഓരോ നഗരത്തിലും ഡ്രൈവിങ്ങുമായി ബന്ധപ്പെട്ടുള്ള ചെലവുകള്‍ വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments