ഹൈദരാബാദ്: മകനെ മാതാപിതാക്കള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചുകൊന്നു. മദ്യപാനിയായ മകന്റെ മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് മാതാപിതാക്കള്‍ ക്രൂരകൃത്യം നടത്തിയത്. വാറങ്കല്‍ ജില്ലയിലെ മത്സ്യാലപ്പള്ളി ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 42കാരനായ മഹേഷ് ചന്ദ്രയാണ് കൊല്ലപ്പെട്ടത്. കെ പ്രഭാകര്‍, ഭാര്യ വിമല എന്നിവര്‍ ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. യുവാവ് മദ്യപിച്ചെത്തി പണം ആവശ്യപ്പെട്ട് മാതാപിതാക്കളെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും മര്‍ദ്ദനം ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ യുവാവിനെ കെട്ടിയിട്ടശേഷം ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. വാറങ്കല്‍ അഗ്രിക്കള്‍ച്ചര്‍ മാര്‍ക്കറ്റില്‍ ക്ലര്‍ക്കായി ജോലി ചെയ്യുകയാണ് മഹേഷ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു. മഹേഷിന്റെ ഭാര്യ രണ്ടു മാസം മുമ്പ് ശല്യം സഹിക്കാന്‍ വയ്യാതെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു.
Post Your Comments