കടല്‍ത്തീരത്ത് നി
പാരീസ്: കടല്‍ത്തീരത്ത് നിന്ന് കിട്ടുന്നത് അതിമാരകമായ കൊക്കെയ്ന്‍ പാക്കറ്റുകള്‍ .കിലോകണക്കിന് കൊക്കെയ്ന്‍ പാക്കറ്റുകളാണ് തീരത്ത് വന്നടിയുന്നത്. തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ കടല്‍ത്തീരങ്ങളിലാണ് കൊക്കെയ്ന്‍ പാക്കറ്റുകള്‍ അടിഞ്ഞുകൂടിയത്.
മാരക മയക്കുമരുന്നായ കൊക്കെയ്ന്‍ കടല്‍ത്തീരത്ത് അടിയുന്നത് പതിവായതോടെ തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ബീച്ചുകളെല്ലാം അധികൃതര്‍ അടച്ചിട്ടിരിക്കുകയാണ്. കൊക്കെയ്ന്‍ തിരഞ്ഞെത്തുന്നവരുടെ എണ്ണം കൂടിയതും കൗമാരക്കാര്‍ വരെ കൊക്കെയ്ന്‍ പാക്കറ്റുകള്‍ ശേഖരിക്കാനെത്തുന്നതും വര്‍ധിച്ചതോടെയാണ് ബീച്ചുകളില്‍ പ്രവേശനം വിലക്കാന്‍ അധികൃതര്‍ തീരുമാനമെടുത്തത്.
ഒക്ടോബര്‍ പകുതി മുതല്‍ ആയിരം കിലോഗ്രാമിലേറെ കൊക്കെയ്നാണ് ഇവിടങ്ങളിലെ കടല്‍ത്തീരത്തുനിന്ന് ലഭിച്ചത്. ഇപ്പോള്‍ ഫ്രാന്‍സിന്റെ വടക്കന്‍ തീരങ്ങളിലും കൊക്കെയ്ന്‍ പാക്കറ്റുകള്‍ അടിയുന്നുണ്ടെന്നാണ് വിവരം. അഞ്ചുകിലോ തൂക്കം വരുന്ന പാക്കറ്റുകളാണ് കടലില്‍നിന്ന് തീരത്തടിയുന്നത്. എല്ലാ തീരങ്ങളിലുമായി ദിവസവും നൂറുകിലോയോളം കൊക്കെയ്ന്‍ വന്നടിയുന്നുണ്ട്. എന്നാല്‍ ഇതുവരെ ഈ കൊക്കെയ്ന്‍ പാക്കറ്റുകളുടെ ഉറവിടം എവിടെയാണെന്ന് അധികൃതര്‍ക്ക് കണ്ടെത്താനായിട്ടില്ല.
ഉള്‍ക്കടലിലും സമാനരീതിയിലുള്ള പാക്കറ്റുകള്‍ കണ്ടതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിവരം നല്‍കിയിരുന്നു. നൂറോളം അന്വേഷണ ഉദ്യോഗസ്ഥരാണ് നിലവില്‍ ഈ കൊക്കെയ്ന്‍ പ്രതിഭാസത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുന്നത്.
അതേസമയം, ഏറെ അപകടകരമായ കൊക്കെയ്ന്‍ ആണ് തീരത്തടിയുന്നതെന്നും ജനങ്ങള്‍ ഒരുകാരണവശാലും പാക്കറ്റുകളില്‍ തൊടരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊക്കെയ്ന്‍ വന്നടിയുന്ന വിവരമറിഞ്ഞ് നിരവധിപേരാണ് കടല്‍തീരങ്ങളിലേക്ക് വരുന്നതെന്നും ഇത് ഉപയോഗിക്കുന്നത് അപകടകരമാണെന്നും പോലീസ് പറയുന്നു.
കഴിഞ്ഞദിവസം ഒരു 17-കാരനെ അഞ്ചുകിലോ കൊക്കെയ്നുമായി പോലീസ് പിടികൂടിയിരുന്നു. തൗലോസില്‍നിന്ന് മൂന്നുമണിക്കൂറിലേറെ വണ്ടിയോടിച്ചാണ് 17-കാരന്‍ കൊക്കെയ്ന്‍ പാക്കറ്റ് കൈക്കലാക്കാന്‍ എത്തിയത്. ഇതിനുപിന്നാലെയാണ് കടല്‍തീരങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ പോലീസ് തീരുമാനിച്ചത്. ബീച്ചുകളില്‍ നടക്കുന്നതുപോലും പോലീസ് ഇവിടെ നിരോധിച്ചിരിക്കുകയാണ്. മാത്രമല്ല, ബീച്ചുകള്‍ക്ക് സമീപമെത്തുന്ന വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. അതേസമയം, കഴിഞ്ഞ സെപ്റ്റംബറില്‍ ഡൊറൈന്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചവേളയില്‍ ഫ്ളോറിഡയിലെ തീരങ്ങളില്‍ വന്നടിഞ്ഞ അതേ അടയാളമുള്ള കൊക്കെയ്ന്‍ പാക്കറ്റുകളാണ് ഫ്രാന്‍സിലും കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments