
കൊച്ചി : പുതുവൈപ്പ് ബീച്ചിനെ മാലിന്യമുക്തമാക്കാൻ പ്രത്യേക സംവിധാനം ഒരുക്കി ജില്ലാ ഭരണകൂടം. ടോയ്ലറ്റുകൾ, ബോട്ടിൽ ബൂത്തുകൾ, മാലിന്യങ്ങൾ തരം തിരിക്കുന്നതിനുള്ള മിനി എം.സി.എഫ്, സൂചന ബോർഡുകൾ, വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കാൻ ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനമായി.
ഇതിന് മുന്നോടിയായി ഫെബ്രുവരി 22-ന് പ്രത്യേക ക്യാംപയിനും സഘടിപ്പിക്കും. ലോക ബീച്ച് വൃത്തിയാക്കൽ ദിനത്തോടനുബന്ധിച്ചാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്യാംപയിനാണ് സംഘടിപ്പിക്കുന്നത്. ഗ്രീൻ കൊച്ചി മിഷൻ്റെ നേതൃത്വത്തിൽ ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത്, ക്രഡായ്, പോർട്ട് ട്രസ്റ്റ് എന്നിവയുമായി സഹകരിച്ചാണ് ക്യാംപയിൻ നടത്തുക.
പിന്നീട് സ്ഥിരം സംവിധാനമാക്കി മാറ്റാനാണ് തീരുമാനം. ഇതിനായി ബി.പി.സി.എൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടുകൾ കൂടി ലഭ്യമാക്കും. പുതുവൈപ്പ് ബീച്ചിന് സമീപം വിശാലമായ പാർക്കിംഗും സഞ്ചാരികൾക്ക് വേണ്ടി ടോയ്ലറ്റ് സംവിധാനവും ഒരുക്കും. ഇതിന് വേണ്ട സ്ഥലം കണ്ടെത്തി നൽകാൻ പോർട്ട് ട്രസ്റ്റ് അധികൃതർക്ക് ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
പാർക്കിംഗിലൂടെ ലഭിക്കുന്ന വരുമാനം എളങ്കുന്നപ്പുഴ പഞ്ചായത്ത് ബീച്ച് വൃത്തിയാക്കുന്നതിനും മറ്റുമായി ഉപയോഗിക്കും. സ്ഥിരം നിർമ്മിതികൾ തയ്യാറാക്കാൻ പോർട്ട് ട്രസ്റ്റിൻ്റെ വിലക്കുള്ളതിനാൽ കണ്ടെയ്നർ എം.സി.എഫ് സ്ഥാപിക്കാനാണ് നിർദ്ദേശം. ഇതിന് പുറമേ വിവിധയിടങ്ങളിൽ പ്ലാസ്റ്റിക് ബോട്ടിൽ ബൂത്തുകൾ ഒരുക്കും.
മാർച്ച് അവസാനത്തോടെ പുതുവൈപ്പ് ബീച്ചിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കാനാണ് ജില്ലാ ഭരണകൂടത്തിൻ്റെ ലക്ഷ്യം. ഇതോടൊപ്പം വളപ്പ്, എളങ്കുന്നപ്പുഴ ബീച്ചുകളിലും സമാന സംവിധാനങ്ങൾ ഒരുക്കാനും ലക്ഷ്യമിടുന്നുണ്ട്.
Post Your Comments