പാരിസ്: വിവാദ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ അല്‍ഖ്വൊയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഒമര്‍ ബിന്‍ലാദനോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഫ്രാന്‍സ്. ഫ്രഞ്ച് മന്ത്രി ബ്രൂണോ റിട്ടെയിലിയു ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഒമര്‍ ഇട്ട ഒരു കമന്റ് തീവ്രവാദത്തെ മഹത്വവത്കരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്രഞ്ച് ഭരണകൂടത്തിന്റെ നടപടി.
നിയമവിദഗ്ധരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി ഈ തീരുമാനം കൈക്കൊള്ളുന്നതിന് നിയമതടസം ഇല്ലെന്ന് മനസിലാക്കിയിട്ടുണ്ടെന്നും ഫഞ്ച് മന്ത്രി ബ്രൂണോ അറിയിച്ചു. ഒമര്‍ ഇപ്പോള്‍ ഫ്രാന്‍സിലില്ലെന്നും അദ്ദേഹം ഫ്രാന്‍സിലേക്ക് തിരിച്ചുവരുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവില്‍ താന്‍ ഒപ്പുവച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒമര്‍ എങ്ങോട്ടാണ് പോകുന്നതെന്ന് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഫ്രഞ്ച് ഭരണകൂടം പുറത്തുവിട്ടിട്ടില്ല.
ബിന്‍ലാദന്റെ പിറന്നാള്‍ ദിവസം പങ്കുവച്ച ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് 2023ല്‍ ഒമര്‍ വിവാദമായ കമന്റ് പോസ്റ്റ് ചെയ്യുന്നത്. കമന്റിലൂടെ ഒമര്‍ ഭീകരവാദത്തെ മഹത്വവത്കരിച്ചുവെന്നായിരുന്നു ആരോപണം. ബ്രിട്ടീഷ് പൗരത്വമുള്ളയാളാണ് ഒമറിന്റെ പങ്കാളി. ഇരുവരും കുറച്ച് വര്‍ഷങ്ങളായി ഫ്രാന്‍സില്‍ താമസിച്ചുവരികയായിരുന്നു. ഒമര്‍ പ്രശസ്തനായ ചിത്രകാരനുമാണ്.
Post Your Comments