അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റിയത് കണ്ടെത്തിയത് വഴി സെപ്റ്റംബർ 30 വരെ 70.43 ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കിയതായി സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. മുൻഗണനാ പട്ടികയിൽ നിന്ന് സ്വമേധയാ സറണ്ടർ ചെയ്തതിനു പുറമെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായതുമായ റേഷൻ കാർഡുകൾ വകുപ്പുതല അന്വേഷത്തിലൂടെ പൊതുവിഭാഗത്തിലേക്കുമാറ്റി. വിവിധ വകുപ്പുകളിൽ നിന്നും ലഭ്യമായ ഡാറ്റാ മാപ്പിംഗ് നടത്തി ഇതുവരെ നാല് ലക്ഷത്തോളം കുടുംബങ്ങളെ ഒഴിവാക്കി. ഇത്രയും കുടുംബങ്ങളെ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ എ.എ.വൈ/പി.എച്ച്.എച്ച് വിഭാഗങ്ങളിൽ തുടർച്ചയായി റേഷൻ വാങ്ങാത്ത 58,712 കുടുംബങ്ങളെ മുൻഗണനാ പട്ടികയിൽ നിന്നും ഒഴിവാക്കി. പകരം അദാലത്തുകൾ നടത്തി കണ്ടെത്തിയിട്ടുള്ള അർഹരായ കുടുംബങ്ങളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ഇങ്ങനെ ഒഴിവാക്കപ്പെടുന്ന കുടുംബങ്ങളിൽ അർഹരായിട്ടുള്ളവർ ഉണ്ടെങ്കിൽ ജില്ലാ സപ്ലൈ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാം. ആവശ്യമായ അന്വേഷണങ്ങൾ നടത്തി നിലവിലെ മാനദണ്ഡപ്രകാരം അർഹതയുണ്ടെന്ന് കാണുന്നപക്ഷം, മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള സാധ്യതാപട്ടികയിൽ അർഹമായ സ്ഥാനം നൽകി ഉൾപ്പെടുത്തും.
മുൻഗണനാ പട്ടികയുടെ ശുദ്ധീകരണം സംബന്ധിച്ച് ഊർജിത നടപടികൾ സ്വീകരിക്കുന്നതിന് സർക്കാർ നിർദേശിച്ചിരുന്നു. വസ്തുതകൾ മറച്ചുവച്ച് മുൻഗണനാപട്ടികയിൽ കടന്നുകൂടിയ അനർഹർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനും അനർഹമായി ഉൾപ്പെട്ട കാലയളവിലെ റേഷൻ വിഹിതത്തിന്റെ കമ്പോളവില ഈടാക്കുന്നതിനും ഉള്ള നടപടികൾ വകുപ്പു സ്വീകരിച്ചുവരുന്നതായും ഡയറക്ടർ അറിയിച്ചു.
Post Your Comments