തിരുവനന്തപുരം: സെർവർ തകരാർ പരിഹരിച്ചതോടെ റേഷൻ കാർഡുകളുടെ മസ്റ്ററിംഗ് ഇന്ന് പുനരാരംഭിച്ചു. മുൻഗണന വിഭാഗത്തിലുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗ് ഇന്നും നടക്കുന്നതാണ്. കഴിഞ്ഞ ദിവസം സെർവർ തകരാറായതിനെ തുടർന്ന് മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇതിനെ തുടർന്ന് മസ്റ്ററിംഗിന് എത്തിയ നിരവധി ആളുകളാണ് മടങ്ങി പോയത്. സെർവർ തകരാർ പരിഹരിച്ചതോടെ മഞ്ഞ കാർഡ് ഉടമകൾക്ക് ഇന്ന് റേഷൻ കടകളിൽ എത്തി മസ്റ്ററിംഗ് പൂർത്തിയാക്കാവുന്നതാണ്.
പിങ്ക് കാർഡ് ഉടമകളുടെ മസ്റ്ററിംഗ് തീയതി നാളെ അറിയിക്കുന്നതാണ്. ഇന്നും നാളെയും മറ്റ് കാർഡുകാർക്ക് അരി വിതരണം ഉണ്ടായിരിക്കുകയില്ലെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. മസ്റ്ററിംഗ് നടക്കുന്ന ദിവസം അരി വിതരണം പാടില്ലെന്ന് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. ഇന്നലെ മാത്രം 1,76,408 പേരുടെ മസ്റ്ററിംഗാണ് നടത്തിയിട്ടുള്ളത്. ഇന്നും നാളെയും മഞ്ഞ കാർഡ് ഉടമകൾക്കാണ് മസ്റ്ററിംഗ് നടത്താൻ സാധിക്കുക. അതേസമയം, അടിയന്തര ഘട്ടങ്ങളിൽ പിങ്ക് കാർഡ് ഉടമകളെയും പരിഗണിക്കാവുന്നതാണ്.
Post Your Comments