കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം തേടി. ഏത് സാഹചര്യത്തിലാണ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയോട് മുഖ്യമന്ത്രി നിർദേശിച്ചു. റിപ്പോർട്ട് എത്രയും വേഗം നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. യുഎപിഎ ചുമത്തി വിദ്യാർത്ഥികളെ അറസ്റ്റു ചെയ്‌തെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം തേടിയത്.
മാവോവാദി അനുകൂല ലഘുലേഖ വിതരണം ചെയ്തെന്ന് ആരോപിച്ച് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അലൻ ഷുഹൈബ് നിയമ വിദ്യാർത്ഥിയും താഹ ഫസൽ മാധ്യമ വിദ്യാർത്ഥിയുമാണ്. ഇവരിൽ നിന്ന് ലഘുലേഖകൾ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.
ALSO READ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ടു സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ് : യുഎപിഎ പിൻവലിക്കില്ല
മൂന്ന് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നും ഒരാൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അലനേയും താഹയേയും അറസ്റ്റ് ചെയ്തത്. ഇരുവരുടേയും നീക്കങ്ങൾ നാളുകളായി നിരീക്ഷിച്ച് വരികയാണെന്നും മാവോയിസ്റ്റ് പശ്ചാത്തലം സംബന്ധിച്ച് വ്യക്തമായ സൂചനകൾ ഉണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു.
Post Your Comments