കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ അറസ്റ്റ് ചെയ്ത രണ്ടു സിപിഎം പ്രവര്‍ത്തകർക്ക് മേൽ ചുമത്തിയ യുഎപിഎ പിൻവലിക്കില്ല. കേസിൽ യുഎപിഎയ്ക്ക് ശക്തമായ തെളിവുണ്ടെന്ന് പോലീസ്. അതേസമയം പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകൾ കിട്ടിയിട്ടുണ്ടെന്നും, യുഎപിഎ റദ്ദാക്കില്ലെന്നു ഐജി അശോക് യാദവും വ്യക്തമാക്കി. ഡിജിപിയുടെ നിർദേശപ്രകാരമാണ് പന്തീരങ്കാവ് സ്റ്റേഷനിലേക്ക് ഐജി നേരിട്ട് എത്തിയത്. പിടിയിലായ രണ്ട് പേർക്കുമെതിരെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയത്. നിലവിൽ കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും, പിടിയിലായവർക്ക് മാവോയിസ്റ്റുകളുമായി എത്രമാത്രം അടുപ്പമുണ്ടെന്നു വ്യക്തമാകാൻ കൂടുതൽ അന്വേഷണം വേണമെന്നും ഐജി വ്യക്തമാക്കി. അതേസമയം പ്രതികളെ കോടതിയിൽ ഹാജരാക്കുവാന്‍ കൊണ്ടുപോയി.
മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം വച്ചെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകരായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ ഇന്നലെ വൈകിട്ടാണ് കോഴിക്കോട് പന്തീരാങ്കാവില്‍ വച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇരുവരും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. ലഘുലേഖയില്‍ പാലക്കാട്ടെ മാവോയിസ്റ്റ് വേട്ടയെ അതിശക്തമായി വിമര്‍ശിക്കുന്നു. എതിർക്കുന്നവരെയെല്ലാം കൊന്നു തള്ളുന്ന സംസ്ഥാന-കേന്ദ്രസർക്കാരുകൾ ഒരേ നയമാണ് പിന്തുടരുന്നതെന്നും ലഘുലേഖയിൽ ഉണ്ടെന്നു പോലീസ് പറയുന്നു.
Post Your Comments